മോഷ്ടാക്കളുടെ പ്രിയപ്പെട്ട ലൂവ്ര് മ്യൂസിയം; മുൻപ് കവർന്നത് ‘മൊണാ ലിസ’ അടക്കമുള്ള അമൂല്യ വസ്തുക്കൾ

പാരീസ്: ‘മൊണാ ലിസ’യുടെ പുഞ്ചിരി വിരിഞ്ഞുനിൽക്കുന്ന പാരീസിലെ ലൂവ്ര് മ്യൂസിയം ഒരുകാലത്ത് ഫ്രഞ്ച് രാജാക്കന്മാരുടെ ഇരിപ്പിടമായിരുന്നു. 1600-കളുടെ അവസാനം ലൂയി പതിന്നാലാമൻ ലൂവ്രിനെ കൈവെടിഞ്ഞ് വെർസായിയിലേക്കുപോയി. ലോകത്ത് ഏറ്റവുമധികംപേർ സന്ദർശിച്ച മ്യൂസിയം എന്ന ഖ്യാതിയുണ്ട് ലൂവ്രിന്. കഴിഞ്ഞവർഷം 90 ലക്ഷം പേരാണ് ഇവിടത്തെ അമൂല്യവസ്തുക്കൾ കാണാനെത്തിയത്. ലിയൊണാർഡോ ഡാവിഞ്ചിയുടെ ‘മൊണാലിസ’യും ഫ്രാൻസിലെ രാജഭരണകാലത്തെ ആഭരണങ്ങളുമുൾപ്പെടെ വിലമതിക്കാനാകാത്ത ഒട്ടേറെ വസ്തുക്കളാണ് ഇവിടുള്ളത്.
ഞായറാഴ്ച മോഷണം നടന്ന ‘അപ്പോളോ ഗാലറി’ പണിയിച്ചത് ലൂയി പതിന്നാലാമനാണ്. ലൂവ്രിലെ അമൂല്യവസ്തുക്കളിൽ മോഷ്ടാക്കൾ കണ്ണുവെക്കുന്നത് ആദ്യമല്ല. 1911-ൽ സാക്ഷാൽ ‘മൊണാ ലിസ’യെ ഇവിടെനിന്ന് കട്ടുകൊണ്ടുപോയി. മാസങ്ങൾക്കുശേഷം ഇറ്റലിയിലെ ഫ്ലോറൻസിൽനിന്ന് അത് കണ്ടുകിട്ടി. ലൂവ്രിലെ ജീവനക്കാരനായിരുന്ന വിചെൻസോ പെരൂജിയയായിരുന്നു മോഷ്ടാവ്. അതിൽപ്പിന്നെ അതിസുരക്ഷയിലാണ് ‘മൊണാ ലിസ’യെ വെച്ചിരിക്കുന്നത്. വെടിയേൽക്കാത്ത ചില്ലുകൂട്ടിലാണ് ഇപ്പോൾ ഈ പെയ്ന്റിങ്ങിന്റെ സ്ഥാനം.
1983-ൽ നവോത്ഥാനകാലത്തെ രണ്ടു പടച്ചട്ടകൾ ലൂവ്രിൽനിന്ന് മോഷണംപോയി. നാലുപതിറ്റാണ്ടിനുശേഷമാണ് അവ കണ്ടുകിട്ടിയത്. അടുത്തിടെയായി പല ഫ്രഞ്ച് മ്യൂസിയങ്ങളെയും മോഷ്ടാക്കൾ നോട്ടമിടുന്നുണ്ട്. കഴിഞ്ഞമാസം പാരീസിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽക്കടന്ന ക്രിമിനലുകൾ ആറുലക്ഷം യൂറോ (ഏകദേശം 6.15 കോടി രൂപ) മൂല്യമുള്ള സ്വർണസാംപിളുകൾ കവർന്നു. കഴിഞ്ഞവർഷം നവംബറിൽ പാരീസിലെ കോന്യാക്-ഷേ മ്യൂസിയത്തിലും മോഷണമുണ്ടായി.
ലൂവ്രിന്റെ ഉള്ളിലെ സ്ഥിതി മോശമാണെന്ന് ഡയറക്ടർ ആശങ്കയുയർത്തിയതോടെ, അത് പുതുക്കിപ്പണിയുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ജനുവരിയിൽ പറഞ്ഞിരുന്നു.
അമൂല്യവസ്തുക്കൾ കവർന്നത് ഏഴുമിനിറ്റിൽ
ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലുള്ള വിശ്വപ്രസിദ്ധമായ ലൂവ്ര് മ്യൂസിയത്തിൽനിന്ന് അമൂല്യങ്ങളായ രത്നങ്ങൾ പതിച്ച ആഭരണങ്ങളും കിരീടവും പട്ടാപ്പകൽ കവർന്നു. നെപ്പോളിയൻ മൂന്നാമന്റെ പത്നി യൂജിൻ ചക്രവർത്തിനിയുടെ കിരീടവും ഇതിൽ ഉൾപ്പെടും.
19-ാം നൂറ്റാണ്ടിലുണ്ടാക്കിയ ഈ കിരീടം പിന്നീട് മ്യൂസിയത്തിനടുത്തുനിന്ന് കിട്ടി. സ്വർണപ്പരുന്തുകളുള്ള, 1354 വജ്രങ്ങളും 56 മരതകങ്ങളും പതിച്ച കിരീടമാണിത്. എന്നാൽ, വെറും ഏഴുമിനിറ്റിൽ മോഷണം നടത്തി കടന്നുകളഞ്ഞവരെ പിടികൂടാനായിട്ടില്ല.
മോഷണത്തെത്തുടർന്ന് ഞായറാഴ്ചമുഴുവൻ ലൂവ്ര് അടച്ചിട്ടു. പ്രാദേശികസമയം രാവിലെ ഒൻപതിന് (ഇന്ത്യൻസമയം ഉച്ചയ്ക്ക് ഒന്ന്) മ്യൂസിയം തുറന്ന് അരമണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു മോഷണം. അപ്പോളോ ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്ന വസ്തുക്കളാണ് കള്ളന്മാർ കൊണ്ടുപോയതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്റ് നൂനെസ് പറഞ്ഞു. റീജന്റ്, സാൻസി, ഹൊർടെൻഷ്യ എന്നീ പേരുകളിലുള്ള മൂന്ന് വൈരക്കല്ലുകളാണ് കിരീടം കൂടാതെ ഇവിടുള്ളത്. പാരീസ് പോലീസ് ആസ്ഥാനത്തിന് 800 മീറ്റർമാത്രം അകലെയാണ് ലൂവ്ര് മ്യൂസിയം.