പുതിന് മെലാനിയ ട്രംപ് കത്തെഴുതി; യുദ്ധത്തിൽ അകപ്പെട്ട യുക്രൈൻ കുട്ടികൾ വീട്ടിൽ തിരിച്ചെത്തി

വ്‌ളാദിമിർ പുതിൻ, മെലാനിയ ട്രംപ്| Photo: AP
വ്‌ളാദിമിർ പുതിൻ, മെലാനിയ ട്രംപ്| Photo: AP

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനുമായി തനിക്ക് തുറന്ന ആശയവിനിമയ മാർഗമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്. റഷ്യ-യുക്രൈ്ൻ യുദ്ധത്തിലെ ഇരകളായ കുട്ടികളുടെ അവസ്ഥയിലുള്ള തന്റെ ആശങ്കയറിയിച്ചുള്ള കത്തിന് മറുപടിയായി കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ അയക്കുകയാണെന്ന് പുതിൻ അറിയിച്ചതായി യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് പറഞ്ഞു.

തന്റെ കത്തിന്റെ ഫലമായി ഒട്ടേറെ യുക്രൈൻ കുട്ടികൾ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിച്ചതായി മെലാനിയ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എട്ട് കുട്ടികൾ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിച്ചതായി അവർ പറഞ്ഞു.

2022 ഫെബ്രുവരി മുതൽ, 20,000 യുക്രൈൻ കുട്ടികളെയെങ്കിലും നാടുകടത്തുകയും അവരുടെ വീടുകളിൽനിന്ന് ബലമായി റഷ്യയിലേക്കും റഷ്യൻ അധിനിവേശ പ്രദേശങ്ങളിലേക്കും കൊണ്ടുപോവുകയും ചെയ്തിട്ടുണ്ടെന്ന് യുക്രൈൻ പറയുന്നു.

അടുത്തിടെ മടങ്ങിയെത്തിയ എട്ട് കുട്ടികളിൽ മൂന്ന് പേർ സായുധ സേനകൾ തമ്മിലുള്ള മുൻനിരയിലെ പോരാട്ടം കാരണം കുടുംബങ്ങളിൽനിന്ന് വേർപെട്ട് റഷ്യയിലേക്ക് മാറ്റപ്പെട്ടവരാണെന്ന് മെലാനിയ പറഞ്ഞു.

കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിച്ചത് യുക്രൈനിയൻ- റഷ്യൻ അധികാരികൾ സംയുക്തമായാണ്. ഓരോ കുട്ടിയുടെയും ''വ്യക്തിവിവരങ്ങളും സാഹചര്യങ്ങളും'' ഫോട്ടോകൾ സഹിതം വിശദീകരിക്കുന്ന സമഗ്രമായ റിപ്പോർട്ട് തനിക്ക് ലഭിച്ചുവെന്നും ഈ വസ്തുതകൾ യുഎസ് സർക്കാർ സ്ഥിരീകരിച്ചതായും അവർ പറഞ്ഞു.

അലാസ്‌കയിലെ ഉച്ചകോടി ചർച്ചകൾക്കിടയിൽ പ്രസിഡന്റ് ട്രംപ് പുതിന് മെലാനിയയുടെ കത്ത് നേരിട്ട് കൈമാറിയതായി ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സ്ലൊവേനിയൻ വംശജയായ മെലാനിയ ഓഗസ്റ്റിൽ അലാസ്‌കയിലേക്കുള്ള യാത്രയിൽ ഉണ്ടായിരുന്നില്ല.

''ഓരോ കുട്ടിയുടെയും ഹൃദയത്തിൽ ഒരേ സ്വപ്നങ്ങളാണുള്ളത്... അവർ സ്‌നേഹത്തെയും സാധ്യതകളെയും അപകടങ്ങളിൽനിന്നുള്ള സുരക്ഷയെയും കുറിച്ച് സ്വപ്നം കാണുന്നു.'' പുതിനുള്ള കത്തിൽ മെലാനിയ എഴുതി.

Content Highlights: Melania Trump`s direct communication with Vladimir Putin has led to the return of Ukrainian children displaced by the Russia-Ukraine war. A significant step towards family reunification.