13,000 കോടി രൂപയുടെ തട്ടിപ്പ്; മെഹുല്‍ ചോക്സിയെ ഇന്ത്യക്ക് കൈമാറണമെന്ന് ബെല്‍ജിയന്‍ കോടതി

മെഹുല്‍ ചോക്‌സി |Photo:ANI
മെഹുല്‍ ചോക്‌സി |Photo:ANI

ബ്രസ്സല്‍സ്: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്ത്യ തേടുന്ന വജ്ര വ്യാപാരിയും ഒളിച്ചോടിയ പ്രതിയുമായ മെഹുല്‍ ചോക്സിയെ ഇന്ത്യക്ക് കൈമാറാന്‍ ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പിലുള്ള കോടതി അനുമതി നല്‍കി. ഈ വര്‍ഷം ബെല്‍ജിയന്‍ പോലീസ് നടത്തിയ ചോക്സിയുടെ അറസ്റ്റ് സാധുവാണെന്ന് കോടതി വിധിച്ചു. 

13,000 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പ് നടത്തി രാജ്യംവിട്ട സാമ്പത്തിക കുറ്റവാളിയാണ് മെഹുല്‍ ചോക്‌സി. 2011 നും 2018 നും ഇടയില്‍ നടന്ന തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ചുമത്തിയിട്ടുള്ളത്.

2025 ഏപ്രില്‍ 11-നാണ് ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ആന്റ്വെര്‍പ്പ് പോലീസ് ചോക്സിയെ അറസ്റ്റ് ചെയ്തത്. അതിനുശേഷം ഇയാള്‍ ബെല്‍ജിയന്‍ ജയിലില്‍ തടവിലാണ്. അറസ്റ്റിന് ശേഷം ജാമ്യത്തിലിറങ്ങാനുള്ള മെഹുല്‍ ചോക്‌സിയുടെ ശ്രമങ്ങളൊക്കെ കോടതിയില്‍ പരാജയപ്പെട്ടു. ചോക്സി വീണ്ടും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് ബെല്‍ജിയന്‍ കോടതി ജാമ്യാപേക്ഷ നിരസിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചോക്സിക്കെതിരെ ഇന്ത്യ ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങള്‍ ബെല്‍ജിയന്‍ നിയമപ്രകാരവും ശിക്ഷാര്‍ഹമാണെന്നും കോടതി വിലയിരുത്തി.

ഇന്ത്യയ്ക്ക് കൈമാറാന്‍ അനുമതി നല്‍കിയെങ്കിലും ചോക്‌സിക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനാകും. അതിനാല്‍, ഇയാളെ ഉടന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധ്യതയില്ല. ചോക്സിയെ കൈമാറുന്ന പക്ഷം സുരക്ഷിതമായ ജയിലില്‍ പാര്‍പ്പിക്കുമെന്ന് ഇന്ത്യ ബെല്‍ജിയന്‍ അധികാരികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ ബാരക്ക് നമ്പര്‍ 12-ലാണ് ചോക്സിയെ പാര്‍പ്പിക്കുക. ഈ സെല്ല് യൂറോപ്യന്‍ മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്ന് ഇന്ത്യ കോടതിയെ അറിയിച്ചു. അവിടെ ശുദ്ധജലം, ഭക്ഷണം, പത്രങ്ങള്‍, ടെലിവിഷന്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കും. ചോക്സിയെ ഒറ്റപ്പെട്ട ജയിലില്‍ പാര്‍പ്പിക്കില്ലെന്നും ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ട്.

താന്‍ ഇന്ത്യന്‍ പൗരനല്ലെന്ന വാദം ചോക്‌സി മുന്നോട്ടുവെച്ചിരുന്നു. 2017 നവംബറില്‍ ആന്റിഗ്വയുടെയും ബാര്‍ബുഡയുടെയും പൗരത്വം നേടിയ ശേഷം 2018 ഡിസംബറില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചെന്ന ചോക്സിയുടെ വാദത്തെ ഇന്ത്യ തള്ളിക്കളഞ്ഞു. ഇയാള്‍ ഇപ്പോഴും ഇന്ത്യന്‍ പൗരനായി തുടരുന്നു എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ചോക്‌സിയെ വിട്ടുകിട്ടാനായി സിബിഐ സംഘം മൂന്ന് തവണ ബെല്‍ജിയം സന്ദര്‍ശിച്ച് തെളിവുകള്‍ സമര്‍പ്പിച്ചു. ഇതിന് പുറമെ കൈമാറ്റ നടപടികളില്‍ സഹായിക്കുന്നതിനായി ഒരു യൂറോപ്യന്‍ നിയമ സ്ഥാപനത്തെയും ഇന്ത്യ ചുമതലപ്പെടുത്തിയിരുന്നു.