മോദി-ട്രംപ് സൗഹൃദം, US-ഇന്ത്യ ബന്ധം മുമ്പത്തേതിലും ശക്തമാക്കി; സ്വാതന്ത്ര്യദിന ആശംസയുമായി റൂബിയോ

വാഷിങ്ടൺ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ അറിയിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സവിശേഷമായ സൗഹൃദം ഇന്ത്യ-അമേരിക്ക ബന്ധം മുൻപെങ്ങുമില്ലാത്തവിധം ശക്തമാകാൻ കാരണമായെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിരോധം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബഹിരാകാശം തുടങ്ങി വിവിധ മേഖലകളിലെ തന്ത്രപരമായ സഹകരണം ഇരു രാജ്യങ്ങളുടെയും പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് റൂബിയോ അഭിപ്രായപ്പെട്ടു. ഈ പങ്കാളിത്തം ഇരു രാജ്യങ്ങളെയും അതോടൊപ്പം വിശാലമായ ഇന്ത്യൻ മഹാസമുദ്ര മേഖലയെയും 'കൂടുതൽ സുരക്ഷിതവും ശക്തവും സമൃദ്ധവുമാക്കുന്നു' എന്ന് റൂബിയോ അഭിപ്രായപ്പെട്ടു.
'അമേരിക്കൻ ഐക്യനാടുകൾക്ക് വേണ്ടി, ഭാരതത്തിലെ ജനങ്ങൾക്ക് അവരുടെ സ്വാതന്ത്ര്യദിനത്തിൽ ഞാൻ ഊഷ്മളമായ ആശംസകൾ നേരുന്നു. പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന് നന്ദി, യുഎസ്-ഇന്ത്യ ബന്ധം തുടർന്നും വളരുകയാണ്, അത് മുൻപെങ്ങുമില്ലാത്തവിധം ശക്തവുമാണ്.' റൂബിയോ പറഞ്ഞു.
പ്രതിരോധം, എഐ, ബഹിരാകാശ സഹകരണം പ്രതിരോധം, ഊർജ്ജ സുരക്ഷ, നിർണായക ധാതുക്കൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ബഹിരാകാശ സഹകരണം, വാണിജ്യം എന്നീ മേഖലകളിൽ യുഎസും ഇന്ത്യയും തമ്മിൽ വളർന്നുവരുന്ന സഹകരണത്തെക്കുറിച്ച് റൂബിയോ എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളും ഒന്നിച്ച് കെട്ടിപ്പടുക്കുന്ന ഭാവിക്കായി യുഎസ് കാത്തിരിക്കുന്നുവെന്നും റൂബിയോ പറഞ്ഞു.
Content Highlights: US Secretary of State Marco Rubio extended greetings on India's 80th Independence Day. Credited the personal bond between President Donald Trump and PM Narendra Modi for stronger ties. Highlighted growing cooperation in defence, AI, space, energy, and critical minerals. PM Modi led the 80th Independence Day celebrations and delivered his 13th consecutive address at the Red Fort.