വൺ സൈഡ് പ്രണയം; സമസ്തവും വിറ്റ് 1,900 കിലോമീറ്റർ സഞ്ചരിച്ച് പ്രണയം പറയാനെത്തി 49-കാരൻ, 6 വർഷം പ്രണയിച്ചത് AI പെൺകുട്ടിയെ

മരാൻഹാവോ: ആറു വർഷത്തെ വൺ സൈഡ് പ്രണയം തുറന്നുപറയാൻ സ്വത്തുക്കൾ മുഴുവൻ വിറ്റഴിച്ച് 1,900 കിലോമീറ്ററിലധികം (1,200 മൈൽ) ദൂരം യാത്ര ചെയ്തെത്തിയ 49-കാരനെ കാത്തിരുന്നത് കടുത്ത നിരാശ. ബ്രസീലിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മരാൻഹാവോയിൽ നിന്നുള്ള കെട്ടിടനിർമ്മാണ തൊഴിലാളിയായ എഡിമാർ മാർട്ടിൻസ് ആണ് സാമൂഹിക മാധ്യമത്തിലൂടെ പ്രണയം തോന്നിയ പെൺകുട്ടിയെ കാണാൻ മൈലുകൾ താണ്ടിയെത്തിയത്.
ആറു വർഷത്തോളമായുള്ള പ്രണയമാണ് മാർട്ടിൻസിനെ ഇത്തരമൊരു യാത്രയ്ക്ക് പ്രേരിപ്പിച്ചത്. 2020-ലാണ് സോഷ്യൽ മീഡിയയിൽ ജെസിക്ക ഒലിവേരയെ ഇയാൾ കാണുന്നത്. മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഈ പ്രൊഫൈലിൽ, ഗ്രാമീണ ഫാമിലെ ജീവിതമായിരുന്നു പങ്കുവെച്ചിരുന്നത്.
അമ്മയുടെ വേർപാടിനു ശേഷം കടുത്ത ഏകാന്തത അനുഭവിച്ചിരുന്ന മാർട്ടിൻസ്, ഈ പെൺകുട്ടിയുമായി പുതിയൊരു ജീവിതം ആരംഭിക്കാമെന്ന് ഉറച്ചു വിശ്വസിച്ചു. തുടർന്ന് പ്രണയിനിയെ നേരിൽ കാണുന്നതിനായി ഒക്ടോബർ 9-ന് തന്റെ പക്കലുള്ള വസ്തുവകകളെല്ലാം വിറ്റഴിച്ച് ബ്രസീലിലെ ബെലോ ഹൊറിസോണ്ടെയിലേക്ക് യാത്ര തിരിച്ചു. ബസ്സിൽ ഒരു ദിവസത്തിലധികം സഞ്ചരിച്ച് ഒക്ടോബർ 11-ന് നഗരത്തിലെത്തിയ മാർട്ടിൻസ്, കൈയിൽ കരുതിയ ചിത്രങ്ങളുമായി പ്രണയിനിയെ തിരഞ്ഞെങ്കിലും ആർക്കും ആ പെൺകുട്ടിയെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഒടുവിൽ പ്രാദേശിക റേഡിയോ സ്റ്റേഷനെ സമീപിച്ചപ്പോഴാണ് താൻ പ്രണയിച്ച പെൺകുട്ടി യഥാർത്ഥത്തിൽ ജീവിച്ചിരിപ്പില്ലെന്നും, അതൊരു എഐ നിർമ്മിത കഥാപാത്രമാണെന്നും ഇയാൾ തിരിച്ചറിഞ്ഞത്.
യാത്രയ്ക്കായി കൈയ്യിലുണ്ടായിരുന്ന പണം മുഴുവൻ ചെലവഴിച്ചതോടെ നഗരത്തിൽ ഒറ്റപ്പെട്ടുപോയ മാർട്ടിൻസിന് നഗരസഭാ അധികൃതരാണ് സഹായഹസ്തവുമായെത്തിയത്. സോഷ്യൽ വർക്കർമാർ ഇയാൾക്ക് ഭക്ഷണവും മറ്റുസൗകര്യവും നൽകിയതോടൊപ്പം തിരികെ സ്വന്തം സ്ഥലത്തേക്ക് മടങ്ങാനുള്ള ബസ് ടിക്കറ്റും സംഘടിപ്പിച്ചു നൽകി. കഴിഞ്ഞ ആറ് മാസത്തിനിടെ സമാനമായ രീതിയിൽ എഐ പെൺകുട്ടിയെ നേരിൽ കാണാമെന്ന പ്രതീക്ഷയിൽ ബെലോ ഹൊറിസോണ്ടെയിലേക്ക് യാത്ര ചെയ്ത് വഞ്ചിക്കപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് മാർട്ടിൻസ് എന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.
തനിക്ക് നേരിട്ട ഈ അനുഭവം വലിയ നിരാശയും വിഷാദവുമാണ് സമ്മാനിച്ചതെന്ന് മാർട്ടിൻസ് പറഞ്ഞു. അതേസമയം, സോഷ്യൽ മീഡിയ അക്കൗണ്ടിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി പിന്നീട് ഇതിൽ വിശദീകരണവുമായി രംഗത്തെത്തി. ഫോളോവേഴ്സിനെയും എൻഗേജ്മെന്റും വർദ്ധിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കാൻ വേണ്ടി നിർമ്മിച്ച എഐ പ്രൊഫൈലാണിതെന്നും മാർട്ടിൻസ് ഉൾപ്പെടെ ആരുമായും നേരിട്ട് സംസാരിക്കുകയോ ബെലോ ഹൊറിസോണ്ടെയിലേക്ക് ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്നും അവർ അവകാശപ്പെട്ടു.