കാറിൽ കാളക്കൂറ്റൻ, അതിനേക്കാൾ വലിയ കൊമ്പ്; ഇടപെട്ട് പോലീസ്, വൈറലായി വീഡിയോ

ഓമന മൃഗങ്ങളെ പോകുന്നിടത്തൊക്കെ കൊണ്ടുപോകുന്നത് പലരുടെയും ശീലമാണ്. വാഹനങ്ങളിൽ മൃഗങ്ങളെ കയറ്റിക്കൊണ്ടുപോകുന്നത് വിദേശങ്ങളിൽ പതിവുമാണ്. എന്നാൽ, കാറിൽ കാളയെ കയറ്റിക്കൊണ്ടുപോകുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
'വാറ്റൂസി' ഇനത്തില്‍പ്പെട്ട വമ്പന്‍ കാളയുമായി കാര്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ കുറഞ്ഞ സമയത്തിനുള്ളിലാണ് വന്‍പ്രചാരം നേടിയത്. പോലീസിന്റെ ഇടപെടലുണ്ടായതോടെ തന്റെ 'ഓമന'യുമായി ഇയാൾ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
കാറിന്‍റെ ജനാലയും മുകള്‍ഭാഗവും ഒഴിവാക്കിയാണ് 'ഹൗഡി ഡൂഡി' എന്ന കാളയെ കാറില്‍ കയറ്റിയത്. കാള പുറത്തേക്ക് ചാടാതിരിക്കാന്‍ വശത്ത് കന്നുകാലികളുടെ കൂടിന്റെ വശങ്ങളില്‍ ഘടിപ്പിക്കുന്ന കമ്പിവേലികൊണ്ട് മറയ്ക്കുകയും ചെയ്തിരുന്നു. ചെറിയൊരു കാറും അതിലൊരു വലിയ കാളയും അതിലേറെ വലിയ കൊമ്പുകളും റോഡിലൂടെ നീങ്ങുന്നത് കൗതുകമുള്ള കാഴ്ചയായി. കൂടാതെ കാറിന്റെ മുന്നില്‍ കൊമ്പിന്റെ ഒരു മാതൃകയും പിടിപ്പിച്ചിരുന്നു. എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് നിരവധി രസകരമായ റിപ്ലൈകളാണ് ലഭിച്ചത്.
ഹൈവേ 275-ല്‍ ഒരാള്‍ കാളയുമായി യാത്ര ചെയ്യുന്നതായി ബുധനാഴ്ച രാവിലെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇടപെട്ടത്. കാറിനുള്ളില്‍ കാളക്കുട്ടിയോ ചെറിയ പോത്തോ ആയിരിക്കുമെന്നാണ് ആദ്യം കരുതിയതെന്ന് പോലീസ് ക്യാപ്റ്റന്‍ ചാഡ് റെയ്മാന്‍ പറഞ്ഞു. പോലീസ് കാര്‍ തടഞ്ഞുനിര്‍ത്തുകയും ട്രാഫിക് ലംഘനം നടത്തരുതെന്ന് നിര്‍ദേശിച്ച് കാറുടമയെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്യുകയായിരുന്നു.
Content Highlights: Man Driving With Giant Bull, Viral Video