സെലൻസ്‌കിയുടെ ജന്മനാട്ടിൽ, ലക്ഷ്മി മിത്തലിന്റെ ഉരുക്ക് ഫാക്ടറിക്ക് നേരെ റഷ്യൻ ആക്രമണം; രണ്ട് മരണം

#ന്യൂസ് ഡെസ്ക്
യുക്രൈനിലെ ആര്‍സെലര്‍മിത്തല്‍ പ്ലാന്റിലുണ്ടായ തീപ്പിടിത്തം | Image credit: @Karmabash X | ലക്ഷ്മി മിത്തൽ | Photo: ANI
യുക്രൈനിലെ ആര്‍സെലര്‍മിത്തല്‍ പ്ലാന്റിലുണ്ടായ തീപ്പിടിത്തം | Image credit: @Karmabash X | ലക്ഷ്മി മിത്തൽ | Photo: ANI

കീവ്: റഷ്യ-യുക്രൈൻ യുദ്ധം തീവ്രമാകുന്നതിനിടെ, യുക്രൈനിലെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണങ്ങൾ നടത്തി റഷ്യ. ഇന്ത്യൻ വ്യവസായ പ്രമുഖൻ ലക്ഷ്മി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ആർസെലർമിത്തലിന്റെ (ArcelorMittal) യുക്രൈനിലെ സ്റ്റീൽ പ്ലാന്റിന് നേരെ ഞായറാഴ്ച അർധരാത്രിയിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

യുക്രൈനിലെ ഏറ്റവും വലിയ ഉരുക്ക് നിർമ്മാണ ശാലയാണ് ആർസെലർമിത്തൽ. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയുടെ ജന്മനാടായ ക്രീവ്‌യി റിഹ് എന്ന വ്യവസായ നഗരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്ലാന്റ് ലക്ഷ്യമിട്ടുതന്നെയാണ് ആക്രമണങ്ങൾ നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ലക്ഷ്മി മിത്തൽ നയിക്കുന്ന, ലോകത്തിലെ രണ്ടാമത്തെ വലിയ ഉരുക്ക് നിർമ്മാതാക്കളായ ആർസെലർമിത്തലിന്റെ ഭാഗമാണ് ആർസെലർമിത്തൽ ക്രീവ്‌യി റിഹ്.

ഫാക്ടറിയിലെ പ്രധാന ഉത്പാദന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും ചില പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർബന്ധിതരായതായും പ്ലാന്റ് അധികൃതർ അറിയിച്ചു. 'ആക്രമണത്തിന്റെ ഫലമായി, ഊർജ്ജ ഉൽപ്പാദന മേഖലയിലെയും ബ്ലാസ്റ്റ് ഫർണസ് മേഖലയിലെയും പ്രധാന ഉൽപ്പാദന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, കൂടാതെ പ്ലാന്റിന്റെ ഉൽപ്പാദന പ്രക്രിയകൾ ഭാഗികമായി നിർത്തിവെച്ചിരിക്കുകയാണ്.' കമ്പനി ടെലിഗ്രാമിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈനിയൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഞായറാഴ്ച പുലർച്ചെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ യുക്രൈൻ തലസ്ഥാനത്തെ രണ്ട് ജില്ലകളിലെങ്കിലും തീപിടിത്തമുണ്ടായതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു. കീവ് മേഖലയിൽ മറ്റിടങ്ങളിലുണ്ടായ ഡ്രോൺ ആക്രമണങ്ങളിൽ ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

ഇതിനു തിരിച്ചടിയായി യുക്രൈൻ നടത്തിയ വൻതോതിലുള്ള ഡ്രോൺ ആക്രമണങ്ങൾ മോസ്‌കോ ഉൾപ്പെടെയുള്ള റഷ്യൻ നഗരങ്ങളിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. യുദ്ധം ഇരു രാജ്യങ്ങളിലെയും സിവിലിയൻ മേഖലകളിലേക്കും വ്യവസായ ശാലകളിലേക്കും വ്യാപിക്കുന്നത് മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. അയൽരാജ്യമായ റൊമാനിയയുടെ വ്യോമപരിധിയിൽ റഷ്യൻ ഡ്രോണുകൾ പ്രവേശിച്ചത് നാറ്റോ സഖ്യകക്ഷികൾക്കിടയിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

Content Highlights: ArcelorMittal Kryvyi Rih steel plant targeted in overnight Russian airstrike, Two people killed and 14 injured in the industrial city attack, Key production facilities and blast furnaces damaged, halting operations, Escalation includes Ukrainian drone assaults on Moscow region and infrastructure.