വിമാനപാത മാറ്റി; പാലക്കാട്ടുകാരായ മൂന്നംഗ കുടുംബം കറാച്ചിയിൽ കുടുങ്ങി

തിരുവനന്തപുരം: ഗൾഫ്‌മേഖലയിലെ സംഘർഷത്തെത്തുടർന്ന് വിമാനപാത മാറ്റിയതോടെ പാലക്കാട്ടുകാരായ മൂന്നംഗ കുടുംബം ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി. കൊടുമ്പ് സ്വദേശി കൃഷ്ണദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ(കാലടി സ്വദേശി), മൂന്നുവയസ്സുള്ള മകൾ സ്മൃതി മേനോൻ എന്നിവരാണ് കറാച്ചിയിലുള്ള മലയാളികളെന്ന് നോർക്ക അറിയിച്ചു. ഇവരെ കൊളംബോ വഴി തിരികെയെത്തിക്കാനുള്ള സാധ്യത വിദേശകാര്യമന്ത്രാലയം പരിശോധിക്കുകയാണ്.
അസർബയ്ജാൻ തലസ്ഥാനമായ ബാക്കുവിൽനിന്ന് ഷാർജ വഴി കുവൈത്തിലേക്കു പോകുകയായിരുന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരാണിവർ. വ്യോമപാതാമാറ്റംകാരണം വിമാനം അടിയന്തരമായി കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഇവർക്ക് ലോക കേരളസഭാംഗങ്ങളുടെ ഇടപെടലിൽ മരുന്നെത്തിച്ചു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടമായവർക്ക് ഡൂപ്ലിക്കേറ്റ് എടുക്കാനും സഹായം നൽകി. ബഹ്റൈനിൽ ഗവൺമെന്റ് ഷെൽട്ടറുകൾ തുടങ്ങിയ വിവരം പ്രവാസികളിലേക്ക് എത്തിക്കുന്നുണ്ട്.
സഹായം തേടിയത് 541 പേർ
പ്രവാസി കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി നോർക്ക തുടങ്ങിയ നോർക്ക ഹെൽപ്‌ഡെസ്‌കിലേക്ക് ഞായറാഴ്ച വൈകീട്ട് ആറുവരെ 541 വിളികളെത്തി. നോർക്ക സെക്രട്ടറി ടി.വി. അനുപമ, നോർക്ക റൂട്ട്സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ നിലവിലെ സ്ഥിതി വിലയിരുത്തി.
Content Highlights: A three-member family from Palakkad, Kerala, is among 8 Indians stranded in Karachi, Pakistan., Their Air Arabia flight was diverted due to airspace changes resulting from Gulf tensions