വൈറ്റ്ഹൗസിന് സമീപം വെടിവെപ്പ്, പ്രതി പിടിയിൽ; സംഭവം ജെ.ഡി. വാൻസിന്റെ കാർ കടന്നുപോയി അൽപസമയത്തിനകം

വാഷിങ്ടൺ: അമേരിക്കയിൽ വൈറ്റ് ഹൗസിന് സമീപത്തായി സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ ഉണ്ടായ വെടിവെപ്പിനെത്തുടർന്ന് സമീപപ്രദേശത്ത് കനത്ത ജാഗ്രതാനിർദേശം. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയ്ക്ക് നേരെ വെടിയുതിർത്തുവെന്നും ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സീക്രട്ട് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ മാത്യു ക്വിൻ പറഞ്ഞു.
വൈറ്റ് ഹൊസ് പരിസരത്ത് സംശയാസ്പദമായ രീതിയിൽ യുവാവിനെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരിശോധനയ്ക്കായി ചെന്നപ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്ത് പിടികൂടുകയായിരുന്നുവെന്ന് ക്വിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംഭവത്തിനു പിന്നാലെ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വാഹനവ്യൂഹത്തിനുനേരെ വെടിവെപ്പ് ഉണ്ടായി എന്ന തരത്തിൽ വ്യാപക പ്രചരണങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം സീക്രട്ട് സർവീസ് തള്ളി.
വാൻസിന്റെ വാഹനവ്യൂഹം കടന്നുപോയി മിനിറ്റുകൾക്കുശേഷമാണ് വെടിവെപ്പ് ഉണ്ടായത്. വാൻസിനെ ലക്ഷ്യംവെച്ചാണ് അക്രമി വെടിയുതിർത്തത് എന്ന കാര്യത്തിൽ നിലവിൽ തെളിവുകളൊന്നും തന്നെ ഇല്ലെന്ന് ക്വിൻ പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയേയും പ്രതി ആക്രമിച്ചതായാണ് വിവരം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം, വൈറ്റ് ഹൌസ് കറസ്പോണ്ടന്റ് അസോസിയേഷന്റെ പരിപാടിയിൽ സാമാന സംഭവം ഉണ്ടായിരുന്നു. ഡിന്നറിനിടെ ഉണ്ടായ വെടിവെപ്പിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് യുഎസ് തലസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. പ്രതിയിൽ നിന്ന് ആയുധം കണ്ടെടുത്തതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.