നാവ് പുറത്തേക്കിട്ട്, കസേരയും താങ്ങിപ്പിടിച്ച് നടക്കുന്ന ട്രൂഡോ; ഇതെന്ത് സര്‍ക്കസെന്ന് സോഷ്യൽ മീഡിയ

ജസ്റ്റിന്‍ ട്രൂഡോ | Photo: Reuters
ജസ്റ്റിന്‍ ട്രൂഡോ | Photo: Reuters

ഒട്ടാവ: കഴിഞ്ഞ ഞായറാഴ്ചയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയായത്. ലിബറല്‍ പാര്‍ട്ടി നടത്തിയ തിരഞ്ഞെടുപ്പില്‍ 86% വോട്ട് നേടിയാണ് സാമ്പത്തിക വിദഗ്ദ്ധനും ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് കാനഡ എന്നിവയുടെ മുന്‍ ഗവര്‍ണറുമായ കാര്‍ണിയുടെ വിജയം. ഒന്നര ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെയാണ് കാര്‍ണി പരാജയപ്പെടുത്തിയത്.

ഇതിന് പിന്നാലെ ജസ്റ്റിന്‍ ട്രൂഡോയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഒരു കസേരയും താങ്ങിയെടുത്ത്, നാവ് പുറത്തേക്കിട്ട് പാര്‍ലമെന്റില്‍നിന്ന് പുറത്തേക്ക് പോകുന്നതാണ് ചിത്രം. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫറായ കാര്‍ലോസ് ഒസോരിയോയാണ് ചിത്രം പകര്‍ത്തിയത്. 

ട്രൂഡോയുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചു. അവസാനം തനിക്കൊരു സാധാരണ ജീവിതം ലഭിച്ചുവെന്നാണ് ട്രൂഡോ ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്. ചരിത്രത്തില്‍ രേഖപ്പെടുത്തി വെയ്ക്കുന്ന ചിത്രമായിരിക്കും ഇതെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. പത്ത് വര്‍ഷം കാനഡയെ കൊള്ളയടിച്ച ട്രൂഡോയ്ക്ക് പുറത്തുപോകുമ്പോള്‍ ഒരു കസേര മോഷ്ടിച്ചുകൂടെ എന്ന് പരിഹസിച്ചുള്ള പ്രതികരണങ്ങളുമുണ്ട്. ഇതെന്ത് സര്‍ക്കസാണെന്നും ചിലര്‍ ചോദിക്കുന്നു. 

അതേസമയം, കണ്ണീരോടെയാണ് ട്രൂഡോ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. ഒമ്പത് വര്‍ഷം കാനഡയെ നയിക്കാനായതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നതായി ട്രൂഡോ പറഞ്ഞു. മകള്‍ എല്ല ഗ്രേസ് മാര്‍ഗരറ്റും ട്രൂഡോയ്ക്ക് പിന്തുണയുമായി വേദിയിലെത്തിയിരുന്നു, 

കഴിഞ്ഞ ജനുവരിയിലാണ് ലിബറല്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ജസ്റ്റിന്‍ ട്രൂഡോ തന്റെ രാജി പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ലിബറല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് നടത്തിയത്. 2015-ലാണ് ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിയാകുന്നത്. ഖലിസ്താൻവാദികളെ പ്രോത്സാഹിപ്പിച്ച് ഇന്ത്യയുമായുള്ള ബന്ധം തീര്‍ത്തും വഷളാക്കിയിരുന്നു ട്രൂഡോ. കുടിയേറ്റ നയം പാളിയതും വിലക്കയറ്റം ഉള്‍പ്പെടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായതും ട്രൂഡോയെ ജനങ്ങളില്‍നിന്ന് അകറ്റി. ഇന്ത്യാ വിരുദ്ധ നിലപാട് പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. 

Content Highlights: justin trudeaus bizarre exit from parliament