നാലാമത്തെ കുഞ്ഞിനെ വരവേറ്റ് US വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്

വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനും ഉഷ വാൻസിനും ആൺകുഞ്ഞ് പിറന്നു. മെരിലാൻഡിലെ ബെഥെസ്ഡയിലുള്ള വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ ഞായറാഴ്ച രാവിലെയാണ് കുഞ്ഞ് ജനിച്ചത്. അലക് നീൽ വാൻസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞും ഉഷയും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും തങ്ങളുടെ മറ്റ് മക്കൾ പുതിയ അനിയനെ കാണുന്നതിന്റെ ആവേശത്തിലാണെന്നും ദമ്പതികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ 150 വർഷങ്ങൾക്കുശേഷമാണ് അധികാരത്തിലിരിക്കെ ഒരു വൈസ് പ്രസിഡന്റിന് കുഞ്ഞ് ജനിക്കുന്നത് എന്ന പ്രത്യേകതയും ഈ ജനനത്തിനുണ്ട്. ഇതിനുമുമ്പ് 1870-ൽ സ്കൈലർ കോൾഫാക്സ് ആണ് വൈസ് പ്രസിഡന്റ് പദവിയിലിരിക്കെ അച്ഛനായ അവസാന വ്യക്തി. 1829-ൽ ജോൺ സി. കാൽഹൗണും സമാനമായ രീതിയിൽ പദവിയിലിരിക്കെ പിതാവായിട്ടുണ്ട്. കൂടാതെ, 41-ാം വയസ്സിൽ പദവിയിലെത്തിയ ജെഡി വാൻസ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ വൈസ് പ്രസിഡന്റാണ്.
വാൻസ് ദമ്പതികളുടെ നാലാമത്തെ മകനാണ് അലക്. ഇവർക്ക് ഇവാൻ (9), വിവേക് (6) എന്നീ രണ്ട് ആൺമക്കളും മിറാബെൽ (4) എന്ന മകളുമുണ്ട്. ഇന്ത്യൻ വംശജയായ ഉഷ വാൻസിന്റെ കുടുംബം ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണ്. കാലിഫോർണിയയിൽ വളർന്ന ഉഷയും ജെ.ഡി വാൻസും യേൽ ലോ സ്കൂളിൽ വെച്ചാണ് കണ്ടുമുട്ടിയതും 2014-ൽ വിവാഹിതരായതും. തങ്ങളുടെ കുടുംബം ഇനിയും വലുതാകുമോ എന്ന ചോദ്യത്തിന് "ഒരിക്കലും ഇല്ല എന്ന് പറയില്ല" എന്നായിരുന്നു മുൻപ് നൽകിയ ഒരഭിമുഖത്തിൽ ഉഷയുടെ മറുപടി.
Content Highlights: US Vice-President JD Vance and Usha Vance welcome their fourth child, Alec Neel Vance.