പലസ്തീനികളെ നാടുകടത്താൻ 20 പേജ് പദ്ധതി, ഗാസയിൽനിന്ന് 20 ലക്ഷം പേരെ വിദേശത്തേക്ക് മാറ്റുക ലക്ഷ്യം

#ന്യൂസ് ഡെസ്ക്
ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ | Photo - AFP
ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ | Photo - AFP

ടെൽ അവീവ്: ഗാസയിൽനിന്ന് പലസ്തീനികളെ ഒഴിപ്പിച്ച് വിദേശരാജ്യങ്ങളിലേക്കയക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. ഇസ്രയേലിലെ വരാനിരിക്കുന്ന തിരഞ്ഞടുപ്പിന് മുന്നോടിയായാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ആദ്യവർഷം രണ്ടര ലക്ഷം പലസ്തീനികളെ ഗാസയിൽനിന്ന് മാറ്റാനും തുടർന്നുള്ള ആറുവർഷത്തിനുള്ളിൽ ബാക്കിയുള്ള ഏകദേശം 20 ലക്ഷം പേരെയും ഘട്ടംഘട്ടമായി പുറത്താക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ഗാസക്കാരെ സ്വീകരിക്കാൻ ചില രാജ്യങ്ങൾ തയ്യാറാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ആ രാജ്യങ്ങളുടെ പേരുപറയാൻ അദ്ദേഹം മുതിർന്നില്ല. പദ്ധതി തികച്ചും പ്രായോഗികമാണ്. ഗാസക്കാരുടെ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതേസമയം ജനങ്ങളെ തങ്ങളുടെ സ്വന്തം മണ്ണിൽനിന്ന് നിർബന്ധപൂർവം ഒഴിപ്പിക്കാനുള്ള നീക്കമല്ലിതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത സർക്കാർ രൂപവത്കരണ വേളയിൽ കുടിയേറ്റത്തിനായി ഒരു മന്ത്രാലയംതന്നെ ആവശ്യപ്പെടുമെന്നും ബെൻ ഗ്വിർ അറിയിച്ചു. ഒന്നരവർഷംകൊണ്ടാണ് 20 പേജുള്ള ഈ പദ്ധതി തയ്യാറാക്കിയത്. ഇസ്രയേൽ-പലസ്തീൻ തർക്കത്തിന് അന്തിമപരിഹാരം നിർദേശിക്കുന്നതാണ് ഈ പദ്ധതിയെന്നും അദ്ദേഹം അവകാശപ്പെട്ടു.