ഗാസയിലെ നടപടി: ഇസ്രയേല്‍ സൈനികര്‍ക്ക് വിദേശരാജ്യങ്ങളില്‍ അറസ്റ്റ് ഭീഷണി, ബ്രസീലില്‍ കേസ്

ടെല്‍ അവീവ്: അവധിയാഘോഷിക്കാന്‍ ബ്രസീലിലെത്തിയ മുന്‍ ഇസ്രായേലി സൈനികനെതിരെ കേസെടുത്തതിന് പിന്നാലെ അദ്ദേഹത്തിന് രാജ്യംവിടേണ്ടി വന്നിരുന്നു. ഗാസയിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഉത്തരവാദിയാണെന്ന് ആരോപിച്ച് അവിടെ ഒരു കേസ് വന്നതിന് പിന്നാലെയുണ്ടായ അറസ്റ്റ് ഭീഷണിയെ തുടര്‍ന്നാണിത്. തങ്ങളുടെ സഹായത്തോടെയാണ് മുന്‍ സൈനികന്‍ ബ്രസീലില്‍നിന്ന് തിരിച്ചെത്തിയതെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഗാസയില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന നൂറുകണക്കിന് ഇസ്രായേലി സൈനികരുടെ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്ത ഹിന്ദ് റജബ് ഫൗണ്ടേഷന്‍ (എച്ച്ആര്‍എഫ്) വ്യാപകമായി നിയമനടപടികള്‍ നടത്തിവരുന്നുണ്ട്. ഇവര്‍ നല്‍കിയ കേസുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ് ബ്രസീലിലുണ്ടായിരിക്കുന്നതെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗാസയിലെ സാധരണക്കാരുടെ വീടുകള്‍ ആസൂത്രിതമായ നാശനഷ്ടം വരുത്തുന്നതിലും തകര്‍ക്കുന്നതിലും പങ്കെടുത്തുവെന്നാണ് ഇസ്രയേലി മുന്‍സൈനികനെതിരായ പരാതി. ഈ പരാതിയില്‍ ബ്രസീല്‍ ജഡ്ജി ഇയാള്‍ക്കെതിരെ അന്വേഷണം നടത്താന്‍ പോലീസിനോട് ഉത്തരവിട്ടിരുന്നു.
അന്തരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ റോം ചട്ടത്തില്‍ ബ്രസീല്‍ ഒപ്പുവെച്ചതിനാല്‍ യുദ്ധ കുറ്റകൃത്യങ്ങളില്‍ നടപടി സ്വീകരിക്കാന്‍ രാജ്യത്തിന് ബാധ്യതയുണ്ടെന്നാണ് ഹിന്ദ് റജബ് ഫൗണ്ടേഷന്റെ അഭിഭാഷകന്‍ പറയുന്നത്.
ഫലസ്തീന്‍ അനുകൂല എന്‍ജിഒയാണ് എച്ച്ആര്‍എഫ്. ഗാസയില്‍ കുടുംബത്തോടൊപ്പം സഞ്ചരിക്കവെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയായ റജബ് എന്ന പെണ്‍കുട്ടിയുടെ പേരിലാണ് സംഘടന രൂപീകരിച്ചിട്ടുള്ളത്.
തായ്ലന്‍ഡ്, ശ്രീലങ്ക, ചിലി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇസ്രായേലി സൈനികരെ കുടുക്കുന്നതിനും എച്ച്ആര്‍എഫ് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഗാസയില്‍ ഒരു സാധാരണക്കാരനെ കൊലപ്പെടുത്തിയതിന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കന്‍ അധികാരികള്‍ക്കും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കും ഇന്റര്‍പോളിനും പരാതികളയച്ചിട്ടുണ്ട്.
അതേ സമയം ഇവരുടെ പരാതികളില്‍ ഏതെങ്കിലും ഇസ്രായേല്‍ സൈനികനെ തടവിലാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തതായി സ്ഥിരീകരണമില്ല.
ബ്രസീലിലെ കേസ് ഇസ്രായേലില്‍ രാഷ്ട്രീയ പൊട്ടിത്തെറികള്‍ക്കും തുടക്കമിട്ടുണ്ട്. 'ഗാസയില്‍ യുദ്ധം ചെയ്തതിന് അറസ്റ്റിലാകാതിരിക്കാന്‍ ഒരു ഇസ്രായേലി റിസര്‍വ് സൈനികന് അര്‍ദ്ധരാത്രിയില്‍ ബ്രസീലില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നത് ഒരു സര്‍ക്കാരിന്റെ ചരിത്രപരമായ രാഷ്ട്രീയ പരാജയമാണ്' ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യാര്‍ ലാപിഡ് പറഞ്ഞു.
ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശം നിഷേധിക്കാന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിതവും യഹൂദവിരുദ്ധവുമായ പ്രചാരണമാണ് നടക്കുന്നതെന്ന് ലാപിഡിന് പോലും അറിയാം. നിരവധി രാജ്യങ്ങളും ഇതില്‍ പങ്കാളികളാണെന്നും വിദേശകാര്യ മന്ത്രി ഗിദിയോണ്‍ സാര്‍ മറുപടി നല്‍കി.
Content Highlights: Israeli soldiers face growing risk of arrest abroad after Gaza service