കെട്ടിയിട്ട് ദേഹത്ത് വെള്ളമൊഴിച്ച് ഷോക്കടിപ്പിക്കും, ഇസ്രയേലിൽ പലസ്തീൻ തടവുകാർക്കെതിരെ ക്രൂരപീഡനമെന്ന് റിപ്പോർട്ട്

ടെൽ അവീവ്/ ലണ്ടൺ: ക്രൂരമായ പീഡനങ്ങൾ നടക്കുന്നതിനാൽ 'ഹെൽസ് വിങ്' (Hell's Wing) എന്ന് വിളിക്കപ്പെടുന്ന ജയിൽ വിഭാഗത്തിലേക്ക് സൈനികർ ആ മനുഷ്യനെ വലിച്ചിഴച്ചു കൊണ്ടുപോയി. ഒരു കോണിലേക്ക് ശക്തിയായി തള്ളിയിട്ട ശേഷം, സൈനികരിൽ ഒരാൾ തോക്കെടുത്ത് അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് രണ്ട് റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച വെടിയുതിർത്തു. ഇരുപാദങ്ങളും നഷ്ടപ്പെട്ട ആ മനുഷ്യൻ നിലത്തേക്ക് വീണു. എന്നിട്ടും നിർത്തിയില്ല, അയാളെ കെട്ടിയിട്ടതിന് ശേഷം സൈനികർ പീഡനം തുടർന്നു. സ്റ്റൺ ഗൺ പുറത്തെടുത്ത് ശരീരത്തിൽ അമർത്തി തുടർച്ചയായി ഇലക്ട്രോഷോക്ക് ഏൽപ്പിച്ചു. ഇസ്രയേലി തടവിൽ കഴിയുമ്പോൾ തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് 43 വയസ്സുള്ള എസ്സ (Essa- പേര് മാറ്റിയിട്ടുണ്ട്) വെളിപ്പെടുത്തിയത് ഇങ്ങനെയാണ്.
സംഭവം നടന്ന് ഒന്നര വർഷത്തിലേറെ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ശരീരത്തിൽ ഇലക്ട്രോഷോക്ക് ഏറ്റ പാടുകൾ വ്യക്തമായി കാണാം. വരിഞ്ഞുമുറുക്കി കെട്ടിയിട്ട അവസ്ഥയിൽ തുടർച്ചയായി ഷോക്ക് ഏൽപ്പിച്ചതിന്റേതാണ് ഈ പാടുകളെന്ന് ഇന്റർനാഷണൽ റിഹാബിലിറ്റേഷൻ കൗൺസിൽ ഫോർ ടോർച്ചർ വിക്ടിംസും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഇസ്രയേലി മിസൈൽ ആക്രമണത്തിൽ രണ്ട് പാദങ്ങളും നഷ്ടപ്പെട്ടതിനെത്തുടർന്ന് ജബാലിയ അഭയാർത്ഥി ക്യാമ്പിൽ കഴിയുകയായിരുന്ന എസ്സയെ 2024 ജനുവരിയിലാണ് അറസ്റ്റ് ചെയ്യുന്നത്. ഇസ്രയേലിലെ ഓഫർ ജയിലിൽ (Ofer Prison) അടക്കപ്പെട്ട അദ്ദേഹത്തെ 2025 ഒക്ടോബറിലാണ് മോചിപ്പിച്ചത്.
ഇസ്രയേലിലെ ജയിലുകളിലും തടവുകേന്ദ്രങ്ങളിലും കഴിയുന്ന പലസ്തീൻ തടവുകാരെ പീഡിപ്പിക്കാൻ അമേരിക്കൻ നിർമ്മിത ഇലക്ട്രോഷോക്ക് (ടാസർ) ആയുധങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായി ദി ഗാർഡിയന്റെയും അറബ് റിപ്പോർട്ടേഴ്സ് ഫോർ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെയും അന്വേഷണ റിപ്പോർട്ടിലാണ് എസ്സയുടെ അനുഭവസാക്ഷ്യം രേഖപ്പെടുത്തിയിരിക്കുന്നത്. എസ്സയെ പീഡിപ്പിക്കാൻ ഉപയോഗിച്ചത് മുൻപ് 'ടാസർ ഇന്റർനാഷണൽ' എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ കമ്പനിയായ ആക്സൺ എന്റർപ്രൈസ് (Axon Enterprise) നിർമ്മിച്ച ടാസർ ഇലക്ട്രോഷോക്ക് ആയുധമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എസ്സയെ കൂടാതെ ഇസ്രയേലി ജയിലുകളിൽനിന്ന് മോചിതരായ മറ്റ് മൂന്ന് തടവുകാരും 2024-നും 2025-നും ഇടയിൽ ആക്സൺ ആയുധങ്ങൾ ഉപയോഗിച്ച് പീഡിപ്പിക്കപ്പെട്ടതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഇസ്രയേലി ജയിൽ സർവീസ് നേരത്തെ പുറത്തുവിട്ട രണ്ട് വീഡിയോ ദൃശ്യങ്ങളിൽ ആക്സൺ നിർമ്മിത ടാസർ തോക്കുകൾ ജയിൽ ഉദ്യോഗസ്ഥരുടെ കൈവശമുള്ളതായി വ്യക്തമായി കാണാം. തങ്ങളെ പീഡിപ്പിക്കാൻ ഉപയോഗിച്ചത് ഈ ആയുധമാണെന്ന് തടവുകാർ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
പീഡനത്തിന്റെ ആഘാതം വർദ്ധിപ്പിക്കാനായി ശരീരത്തിലേക്ക് വെള്ളമൊഴിച്ച ശേഷമാണ് ടാസർ ഉപയോഗിച്ച് ഇലക്ട്രോഷോക്ക് നൽകിയതെന്ന് ഒരു തടവുകാരൻ വെളിപ്പെടുത്തി. ഇതിന്റെ ഫലമായി കാഴ്ചശക്തി കുറയൽ, വിറയൽ, ബോധക്ഷയം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2025 ഓഗസ്റ്റിൽ ഗിൽബോവ (Gilboa) ജയിലിൽ തടവുകാർക്ക് ഷോക്ക് നൽകിയ ശേഷം മുറ്റത്തെ ഷവർ സ്റ്റാളുകളിലേക്ക് വലിച്ചിഴച്ച് വീണ്ടും വെള്ളമൊഴിച്ച് ഷോക്ക് ഏൽപ്പിച്ചതായി പലസ്തീൻ കമ്മീഷൻ ഓഫ് ഡിറ്റെയിനീസും ആരോപിച്ചിട്ടുണ്ട്.
എന്നാൽ, തടവുകാരോട് ക്രൂരമായി പെരുമാറുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളോട് ഇസ്രയേൽ പ്രതികരിച്ചത്. ഇസ്രയേൽ നിയമത്തിനും അന്താരാഷ്ട്ര നിയമത്തിനും അനുസൃതമായി മാത്രമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നാണ് ഇസ്രയേൽ പ്രതിരോധ സേന വക്താവ് അവകാശപ്പെട്ടത്.
സാദെ തെയ്മാൻ (Sde Teiman) തടവുകേന്ദ്രത്തിൽ ഒരു പലസ്തീൻ തടവുകാരനെ പീഡിപ്പിക്കാൻ സൈനികർ ടാസർ ആയുധം ഉപയോഗിച്ചതായി ഇസ്രയേൽ മിലിട്ടറി അഡ്വക്കേറ്റ് ജനറൽ ഇതായി ഓഫീയർ (Itai Ofir) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2023 ഒക്ടോബർ 7-ന് ശേഷം ഇസ്രയേൽ തടവുകേന്ദ്രങ്ങളിൽ ഇലക്ട്രോഷോക്ക് ഉൾപ്പെടെയുള്ള ക്രൂരമായ പീഡനമുറകളും ജനനേന്ദ്രിയങ്ങളിലും ഗുദത്തിലും ഇലക്ട്രോഷോക്ക് ഏൽപ്പിക്കുന്നതുൾപ്പെടെയുള്ള ലൈംഗിക അതിക്രമങ്ങളും അതിരൂക്ഷമായി വർദ്ധിച്ചതായി യുഎൻ കമ്മിറ്റി എഗെയ്ൻസ്റ്റ് ടോർച്ചറും (UN Committee Against Torture) വ്യക്തമാക്കിയിട്ടുണ്ട്.
ഇലക്ട്രോഷോക്ക് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇത്തരം ആയുധങ്ങളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും യുഎന്നിന്റെ ആംസ് ട്രേഡ് ട്രീറ്റിയിൽ (Arms Trade Treaty) ഇവ ഉൾപ്പെടുത്തണമെന്നും ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു.
Content Highlights: A harrowing account of torture in Israeli jails, including electroshock and rubber bullets, reveals the brutal conditions faced by Palestinian detainees.