നൂറോളം സൈനികർ ആയുധം ഉപേക്ഷിച്ച് ക്യാമ്പ് വിട്ടിറങ്ങി; ഇസ്രയേൽ സേനയിൽ കലാപമെന്ന് റിപ്പോർട്ട്

പ്രതീകാത്മക ചിത്രം | Photo: Israel Defense Forces via AP
പ്രതീകാത്മക ചിത്രം | Photo: Israel Defense Forces via AP

ടെൽ അവീവ്: ബറ്റാലിയൻ പാരമ്പര്യങ്ങളെച്ചൊല്ലിയുള്ള തർക്കംകാരണം ഇസ്രയേൽ സൈന്യത്തിൽ കലാപമെന്ന് റിപ്പോർട്ട്. തെക്കൻ ഇസ്രയേലിലെ നെഗെവ് മരുഭൂമിയിലെ സ്ദെ തെയ്മാൻ സൈനിക ക്യാമ്പിൽനിന്ന് ഗിവാത്തി ബ്രിഗേഡിന്റെ സബാർ ബറ്റാലിയനിലെ നൂറോളം സൈനികർ ഇറങ്ങിപ്പോയെന്നാണ് ഇസ്രയേലി വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്തത്. സംഭവത്തെ ഗുരുതരമായ അച്ചടക്ക ലംഘനമായി കണക്കാക്കി സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്യാമ്പിൽ സൈനികർ സ്ഥാപിച്ച ബോർഡുകൾ നീക്കംചെയ്യാൻ കമാൻഡർ ആവശ്യപ്പെട്ടതാണ് സൈനികരെ ചൊടിപ്പിച്ചത്. പുതുതായി എത്തുന്നവരെ അപമാനിക്കുന്നതരത്തിലുള്ള ഭാഷയാണ് ബോർഡുകളിൽ ഉള്ളതെന്ന് സൈന്യം പറയുന്നു. എന്നാൽ, ഇത് ബറ്റാലിയനിൽ കാലങ്ങളായി പിന്തുടരുന്ന പാരമ്പര്യത്തിന്റെ ഭാഗമാണെന്നുവാദിച്ച സൈനികർ ആയുധങ്ങൾ ഉപേക്ഷിച്ച് ക്യാമ്പുവിട്ടിറങ്ങുകയായിരുന്നു.