ദമാസ്കസിലെ സിറിയൻ സൈനികാസ്ഥാനം ആകമിച്ച് ഇസ്രയേല്‍; പ്രതിരോധ വകുപ്പിന്റെ കെട്ടിടങ്ങളും തകര്‍ന്നു

ദമാസ്കസ്: ദമാസ്കസിലെ സിറിയൻ സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തി ഇസ്രയേൽ. തെക്കൻ സിറിയയിലെ ദുറൂസി വിഭാഗത്തിൽപ്പെട്ടവർക്കെതിരെ വെടിനിർത്തൽ കരാർ ലംഘിച്ച ആക്രമണം നടത്തിയെന്ന ആരോപിച്ചാണ് ഇസ്രയേൽ ബുധനാഴ്ച വൈകുന്നേരം സിറിയൻ സൈനികാസ്ഥാനത്തിന് നേരെ ആക്രമണം നടത്തിയത്. സൈനിക ആസ്ഥാനത്തിന്റെ പ്രധാന കവാടം അടക്കം ഷെല്ലാക്രമണത്തിൽ തകർന്നുവെന്ന് ഇസ്രയേൽ ഡിഫെൻസ് ഫോഴ്സ് (IDF) പറഞ്ഞു.
വെടിനിർത്തൽ കരാർ നിലവിലുണ്ടായിരുന്ന സ്വെയ്ദ പ്രദേശത്ത് സിറിയൻ ഭരണകൂടവും ദുറൂസി വിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ മരണസംഖ്യ 250 കടന്നതായി ഇസ്രയേൽ റിപ്പോർട്ട് പുറത്തുവിട്ടു. അതേസമയം, സ്ഥലത്തെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനും പൊതുജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കാനും ശ്രമങ്ങൾ തുടരുമെന്ന് സിറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പതിനാലു വർഷം നീണ്ടുനിന്ന ബാഷർ അൽ അസദ് ഭരണകൂടം വീണശേഷം ആഭ്യന്തരയുദ്ധം അവസാനിച്ചെങ്കിലും പുതുതായെത്തിയ സർക്കാരിന്റെ ഭരണപരിഷ്‌കാരങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് എതിർപ്പുണ്ടാക്കിയിട്ടുണ്ട്. തെക്കൻ സിറിയയിലെ ദുറൂസി വിഭാഗക്കാർ ഇത്തരത്തിൽ ഭരണവിരുദ്ധവികാരം ഉള്ളവരാണ്. ഈ സാഹചര്യത്തിലാണ് ദുറൂസി വിഭാഗത്തെ സംരക്ഷിക്കാനെന്ന് പറഞ്ഞ് ഇസ്രയേൽ, സിറിയൻ സൈനികാസ്ഥാനം ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.
Content Highlights: israel strikes syrias military hq in damascus civilian toll crosses 250