‘ഹിസ്ബുള്ള തലവനെ വധിക്കും’; ലെബനനിൽ ഇസ്രയേൽ സൈനികനീക്കം ആരംഭിച്ചു

#ന്യൂസ് ഡെസ്ക്
ലബനിനില്‍ സൈനിക നീക്കത്തിനായി കടക്കുന്ന ഇസ്രയേല്‍ സൈന്യത്തിന്റെ യുദ്ധ ടാങ്കുകള്‍| AP
ലബനിനില്‍ സൈനിക നീക്കത്തിനായി കടക്കുന്ന ഇസ്രയേല്‍ സൈന്യത്തിന്റെ യുദ്ധ ടാങ്കുകള്‍| AP

ടെൽ അവീവ്: ഇസ്രയേലിലേക്ക് മിസൈലുകൾ അയച്ചതിന് പിന്നാലെ ഹിസ്ബുള്ളയുടെ ലെബനനിലെ കേന്ദ്രങ്ങളിൽ അതിശക്തമായ സൈനിക നടപടിക്ക് തുടക്കംകുറിച്ചെന്ന് ഇസ്രയേൽ സൈന്യം. വരുംദിവസങ്ങളിൽ പോരാട്ടം കൂടുതൽ ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹിസ്ബുള്ളയുടെ പുതിയ തലവൻ നയീം ഖാസിമിനെ വധിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പരസ്യമായി മുന്നറിയിപ്പ് നൽകി.

ഖാസിം ഇപ്പോൾ ഇസ്രായേലിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ടെന്നും കാറ്റ്സ് പറഞ്ഞു. ഖമനേയിയുടെ പാത പിന്തുടരുന്നവർ വൈകാതെ നരകത്തിൽ ഖമേനിക്കൊപ്പം എത്തുമെന്നും, 'തിന്മയുടെ അച്ചുതണ്ടിനെ' ഇല്ലാതാക്കുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി വിമർശിച്ചു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെയാണ് പ്രതികാരമായി ഹിസ്ബുള്ള ഇസ്രയേലിൽ ആക്രമണം നടത്തിയത്. ഇറാന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഹിസ്ബുള്ള ഇത്തരമൊരു നീക്കം നടത്തിയതെന്ന് ഇസ്രായേൽ ആരോപിക്കുന്നു. തൊട്ടുപിന്നാലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം തുടങ്ങി. പ്രതിരോധത്തിന് പകരം ഇനിമുതൽ ഹിസ്ബുള്ളയ്‌ക്കെതിരെ നേരിട്ടുള്ള ആക്രമണങ്ങൾ നടത്തുമെന്നാണ് ഇസ്രയേൽ സൈനിക മേധാവി ഇയാൽ സമീർ വ്യക്തമാക്കിയിരിക്കുന്നത്. വരുംദിവസങ്ങളിൽ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടാകുമെന്നും സൈന്യം ഇതിനായി സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Israel has launched a major military operation against Hezbollah in Lebanon., Israel's Defense Minister has publicly threatened to assassinate new Hezbollah leader, Naim Qassem., The escalation follows Hezbollah's retaliatory missile strikes for the assassination of Iran's Supreme Leader., Israel's military strategy has shifted from defensive to a direct offensive approach against Hezbollah.