ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ബൈറുത്തില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം

ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടങ്ങള്‍| Credit: AFP
ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടങ്ങള്‍| Credit: AFP

ബൈയ്‌റുത്ത്:  ഗാസയില്‍ ആക്രമണം പുനഃരാരംഭിച്ചതിന് പിന്നാലെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം. കഴിഞ്ഞ നവംബറിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ബൈറുത്തിലേക്ക് ഇസ്രയേല്‍ നടത്തിയത്. ഇസ്രയേലിലേക്ക് ഹിസ്ബുള്ള റോക്കറ്റുകള്‍ പ്രയോഗിച്ചു എന്നാരോപിച്ചാണ് ഇസ്രയേല്‍ കടുത്ത  പ്രത്യാക്രമണം നടത്തിയത്. 

ബൈറുത്തിലെ ദഹിയെയിലുള്ള ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രയേലിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കി വെച്ചിരുന്ന യു.എ.വികള്‍ സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങള്‍ ആക്രമണത്തില്‍ തകര്‍ത്തതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിന് മുമ്പ് മേഖലയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു.

ഇസ്രയേല്‍ ലെബനന്‍ അതിര്‍ത്തിയിലുള്ള കിര്യാത് ഷെമോണ, ഗലീലീ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് റോക്കറ്റ് ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ഇവിടെ ജനങ്ങള്‍ക്ക് സമാധാനം ഇല്ലെങ്കില്‍ ബൈറുത്തിലും സമാധാനമുണ്ടാകില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞിരുന്നു. പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മണിക്കൂറുകള്‍ക്കകം സൈന്യം വ്യോമാക്രമണം നടത്തുകയും ചെയ്തു. 

അതേസമയം ഇസ്രയേലിലേക്ക് ആക്രമണം നടത്തിയെന്ന ആരോപണം ഹിസ്ബുള്ള നിഷേധിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ വ്യക്തമാക്കി.  കഴിഞ്ഞ നവംബറിലാണ് ഒരുവര്‍ഷത്തോളം നീണ്ട കടുത്ത ആക്രമണങ്ങള്‍ക്ക് ശേഷം ഹിസ്ബുള്ളയും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാറിലെത്തിയത്. ഹിസ്ബുള്ളയുടെ മുന്‍നിര നേതാക്കളെ ഇസ്രയേല്‍ വധിച്ചിരുന്നു. 

Content Highlights: Israel strikes southern Beirut for the first time since November ceasefire