ഒക്ടോബര്‍ 7ലെ ആക്രമണം; പലസ്തീൻ ഭീകരവാദ സംഘടനയുടെ നേതാവിനെ വധിച്ചതായി ഇസ്രയേൽ

ജറുസലേം: പലസ്തീൻ ഭീകര സംഘടനയുടെ നേതാവിനെ വധിച്ചതായി ഇസ്രയേൽ സൈന്യം. പലസ്തീൻ മുജാഹിദീൻ പ്രസ്ഥാനത്തെയും സായുധ വിഭാഗമായ മുജാഹിദീൻ ബ്രിഗേഡ്‌സിനെയും നയിച്ചിരുന്ന അസദ് അബു ഷരിയയെ വധിച്ചതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. 2023 ഒക്ടോബർ 7-ന് ദക്ഷിണ ഇസ്രയേലിൽ നടന്ന ആക്രമണങ്ങളിൽ ഇയാൾ പങ്കെടുത്തിരുന്നതായി സൈന്യം അറിയിച്ചു.
ഇസ്രയേലിന്റെ ഷിൻ ബെറ്റ് സുരക്ഷാ ഏജൻസിയുമായി ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ഷരിയയെ വധിച്ചത്. അസദ് അബു ഷരിയയുടെയും സഹോദരൻ അഹമ്മദ് അബു ഷരിയയുടെയും മരണം സംഘടനയും സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസ സിറ്റിയിലെ സബ്ര മേഖലയിലുള്ള ഷരിയയുടെ കുടുംബവീട്ടിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി സിവിൽ ഡിഫൻസ് റിപ്പോർട്ട് ചെയ്തിരുന്നു. കുറഞ്ഞത് 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് നിയന്ത്രണത്തിലുള്ള അൽ-അഖ്സ ടിവി റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബർ 7-ന് അതിക്രമിച്ചു കയറിയ ഭീകരവാദ നേതാക്കളിൽ ഒരാളായിരുന്നു ഷരിയയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഹമാസിനും മറ്റ് പലസ്തീൻ ഭീകരവാദ ഗ്രൂപ്പുകൾക്കുമൊപ്പം മുജാഹിദീൻ ബ്രിഗേഡ്‌സും ഒക്ടോബർ ഏഴിന് നടന്ന ആക്രമണങ്ങളിൽ പങ്കെടുത്തിരുന്നു. ഗാസ-ഇസ്രയേൽ യുദ്ധത്തിലേക്ക് നയിച്ച ഈ ക്രൂരമായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ബന്ദികളാക്കപ്പെടുകയും ചെയ്തു.
ഷിരി എന്ന സ്ത്രീയെയും മക്കളായ ഏരിയൽ, ക്ഫിർ ബിബാസ് എന്നിവരെയും ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ ഷാരിയക്ക് നേരിട്ട് പങ്കുണ്ടെന്ന് ഇസ്രയേൽ ആരോപിച്ചു. ഒൻപത് മാസം മാത്രം പ്രായമുണ്ടായിരുന്ന ക്ഫിർ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോകപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയും കൊല്ലപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളുമായിരുന്നു. ഏരിയലിന് നാല് വയസ്സും ഷിരിക്ക് 32 വയസ്സുമായിരുന്നു പ്രായം. ഇവരുടെ ഭർത്താവ് യാർഡനെയും ബന്ദിയാക്കിയിരുന്നെങ്കിലും 484 ദിവസത്തെ തടവിന് ശേഷം ഫെബ്രുവരിയിൽ ജീവനോടെ വിട്ടയച്ചു.
ഇസ്രയേലി-അമേരിക്കൻ ദമ്പതികളായ ഗാഡ് ഹഗ്ഗായിയെയും ജൂഡി ലിൻ വൈൻസ്റ്റീൻ ഹഗ്ഗായിയെയും തട്ടിക്കൊണ്ടുപോയതിലും കൂടാതെ തായ് പൗരനായ നട്ടപോങ് പിന്റയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിലും ഷാരിയക്ക് പങ്കുണ്ടെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.
Content Highlights: Israel announces the killing of Asaad Abu Sharia, leader of the Palestinian Mujahideen Brigades