ഏഴ് കിലോമീറ്റർ നീളം, 25 മീറ്റർ ആഴം, 80 മുറികൾ; ഹമാസിന്റെ സുപ്രധാന തുരങ്കം കണ്ടെത്തി ഇസ്രയേൽ

ടെൽ അവീവ്: ഗാസയിൽ ഹമാസിന്റെ സുപ്രധാന തുരങ്കം കണ്ടെത്തിയതായി ഇസ്രയേൽ പ്രതിരോധസേന. ഏഴ് കിലോമീറ്റർ നീളവും 25 മീറ്റർ ആഴവും 80 മുറികളുമടങ്ങിയ തുരങ്കമാണ് ഐഡിഎഫ് കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
2014-ലെ ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികൻ ഹദർ ഗോൾഡിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത് ഈ തുരങ്കത്തിൽ ആയിരുന്നുവെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നത്. ഈ മാസം ആദ്യമാണ് ഗോൾഡിന്റെ മൃതദേഹാവശിഷ്ടങ്ങൾ ഇസ്രയേലിന് കൈമാറിയത്.
ആയുധങ്ങൾ സൂക്ഷിക്കാനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ഒളിത്താവളത്തിനുമായി ഈ തുരങ്കം ഹമാസ് ഉപയോഗിച്ചിരുന്നതായാണ് ഐഡിഎഫ് പറയുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ, യുഎൻആർഡബ്ല്യുഎ (United Nations Agency For Palestinian Refugee) പള്ളികൾ, ക്ലിനിക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയവയിലൂടെയാണ് ഈ തുരങ്കം കടന്നുപോകുന്നതെന്ന് ഐഡിഎഫ് എക്സിൽ കുറിച്ചു.
ഏഴ് കിലോമീറ്റർ നീളത്തിലാണ് തുരങ്കം. ഇതിൽ 80 മുറികളുണ്ട്. 25 മീറ്റർ ആഴത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നാവികസേനയും ഇസ്രയേൽ പ്രത്യേക എൻജിനിയറിങ് സംഘവും ചേർന്നാണ് തുരങ്കം കണ്ടെത്തിയതെന്ന് ഐർഡിഎഫ് അറിയിച്ചു.
ഇസ്രയേൽ ആക്രമണത്തിൽ മേയ് മാസത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് മുഹമ്മദ് സിൻവാറും മുഹമ്മദ് ഷബാനയും ഉൾപ്പെടെയുള്ള മുതിർന്ന ഹമാസ് നേതാക്കൾ ഈ തുരങ്കം ഉപയോഗിച്ചിരുന്നതായും സൈന്യം കണ്ടെത്തിയിട്ടുണ്ട്.
ഹമാസ് അംഗം അറസ്റ്റിൽ
2014-ൽ ഇസ്രയേൽ സൈനികനായിരുന്ന ഗോൾഡിൻ ഹദറിന്റെ മരണത്തിൽ പങ്കാളിയായ ഹമാസ് അംഗം മർവാൻ അൽ ഹാംസിനെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
Content Highlights: IDF Uncovers Extensive Hamas Tunnel Network: Strategic Discovery Revealed