ലെബനനിലെ ബ്യൂഫോർട്ട് കാസിൽ പിടിച്ചെടുത്ത് ഇസ്രയേൽ; നാടകീയ വഴിത്തിരിവെന്ന് നെതന്യാഹു

#News Desk
ബ്യൂഫോര്‍ട്ട് കാസില്‍ | Photo: AP Photo/Ariel Schalit
ബ്യൂഫോര്‍ട്ട് കാസില്‍ | Photo: AP Photo/Ariel Schalit

ബയ്റുത്ത്: ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനന്റെ കൂടുതൽ ഉള്ളിലേക്ക് ഇസ്രയേൽ സൈന്യം കടന്നുകയറി. തെക്കൻ ലെബനനിലെ 900 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ബ്യൂഫോർട്ട് കോട്ടയും അത് സ്ഥിതിചെയ്യുന്ന തന്ത്രപ്രധാനമായ കുന്നും പിടിച്ചെടുത്തു. കാൽനൂറ്റാണ്ടിനുശേഷമാണ് ലെബനന്റെ ഇത്ര ഉള്ളിലേക്ക് ഇസ്രയേൽ അധിനിവേശം നടത്തുന്നത്. മധ്യകാലഘട്ടത്തിലെ തന്ത്രപ്രധാന കോട്ട സൈന്യം പിടിച്ചെടുത്ത് പതാക നാട്ടിയെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സാണ് അറിയിച്ചത്. സമുദ്രനിരപ്പിൽനിന്ന് ഉയരത്തിൽ സ്ഥിതിചെയ്യുന്നതിനാൽ തെക്കൻ ലെബനന്റെ വലിയൊരുഭാഗം കോട്ടയിൽനിന്ന് നിരീക്ഷിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രാധാന്യം. ലെബനനിലെ സൈനികനടപടിക്കിടെയുള്ള നാടകീയ വഴിത്തിരിവെന്ന് നീക്കത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചു. ആവശ്യമെങ്കിൽ കൂടുതൽ ഉള്ളിലേക്ക് നടപടി വ്യാപിപ്പിക്കുമെന്ന് ഇസ്രയേൽ സേനാവക്താവ് അവിചായ് ആഡ്രേ പറഞ്ഞു.

ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമെന്നു പറഞ്ഞ് ബ്യൂഫോർട്ടിനു സമീപത്തെ നബാത്തിയ നഗരത്തിലും സുലുകി താഴ്വരയിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരുന്നു. നബാത്തിയയിൽനിന്ന് അഞ്ചുകിലോമീറ്റർ ഉള്ളിലാണ് നിലവിൽ സൈന്യമുള്ളത്. വെടിനിർത്തൽക്കരാറിൽ അതിർത്തിയായി നിശ്ചയിച്ച ലിതാനി നദി മുറിച്ചുകടന്ന് സൈന്യം മുന്നേറിയെന്ന് നെതന്യാഹു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതിനിടെ, ടൈറിൽ ആശുപത്രിക്കുനേരേ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 13 ആരോഗ്യപ്രവർത്തകർക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുടെ ഡ്രോണേറ്റ് ഇസ്രയേൽ പട്ടാളക്കാരൻ മരിച്ചു. സഹ്രാനി നദിക്കു തെക്കുള്ള ലെബനൻകാരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ നിർദേശിച്ചു. ലെബനൻ വിഷയത്തിൽ യു.എൻ. രക്ഷാസമിതി അടിയന്തരയോഗം ചേരണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു.

ഇറാനു പിന്തുണപ്രഖ്യാപിച്ച് ഹിസ്ബുള്ള പോർമുഖം തുറന്നതോടെ മാർച്ച് രണ്ടിനാണ് ഇസ്രയേൽ വീണ്ടും ലെബനനിൽ യുദ്ധമാരംഭിച്ചത്. ഏപ്രിൽ 17 മുതൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഇസ്രയേലും ഹിസ്ബുള്ളയും അത് നിരന്തരം ലംഘിച്ചു. മാർച്ചുമുതൽ 3350 പേർ ലെബനനിൽ മരിച്ചു. ഇസ്രയേലിനും 25 പട്ടാളക്കാരെ നഷ്ടമായി. വെള്ളിയാഴ്ച യു.എസിൽ നടന്ന ഇസ്രയേൽ-ലെബനൻ സൈനികതലചർച്ചയിൽ പുരോഗതിയുണ്ടെന്ന് യു.എസ്. അറിയിച്ചിരുന്നു.

ബ്യൂഫോർട്ട് കാസിൽ

12-ാം നൂറ്റാണ്ടിൽ കുരിശുയുദ്ധസേനാനികൾ നിർമിച്ചു. 'ഖലാത് അൽ ഷാകിഫ്' എന്നും അറിയപ്പെടുന്നു. സലാഹുദ്ദീൻ അയ്യൂബിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക സൈന്യം 1190-ൽ കോട്ട പിടിച്ചെടുത്തു. പിന്നീട് കോട്ടയുടെ നിയന്ത്രണത്തിനായി അറബികളും ക്രൈസ്തവപോരാളികളും തമ്മിൽ പലതവണ യുദ്ധം നടന്നു. 1982-ലെ യുദ്ധത്തിൽ ഇസ്രയേൽ ബ്യൂഫോർട്ട് കാസിൽ പിടിച്ചിരുന്നു. 2000-ൽ ലെബനനിൽനിന്ന് പിൻവാങ്ങുന്നതുവരെ കൈവശം വെച്ചു.

Content Highlights: Israeli military advanced deep into Lebanon, capturing the 900-year-old Beaufort Castle., The strategic position allows Israel to monitor vast areas of Southern Lebanon., Ongoing conflict despite failed ceasefire agreements since March 2026., Significant casualties reported on both sides, with France calling for a UN Security Council meeting.