വെടിനിർത്തലിന് പിന്നാലെ ബെയ്റൂട്ടിൽ ശക്തമായ സ്ഫോടനങ്ങൾ; ഹിസ്ബുള്ള താവളങ്ങളിൽ ഇസ്രയേൽ ആക്രമണം

ബെയ്റൂത്ത്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശത്തുള്ള ഹിസ്ബുള്ള ആസ്ഥാനത്ത് വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. താൽക്കാലിക വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവന്ന് ദിവസങ്ങൾക്കകമാണ് ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.പി. റിപ്പോർട്ട് ചെയ്തു.
ഹിസ്ബുള്ളയുടെ ആക്രമണത്തിന് മറുപടിയായി ബെയ്റൂട്ടിലെ അവരുടെ ആസ്ഥാനങ്ങൾക്ക് നേരെ ഇസ്രയേൽ പ്രതിരോധസേന (ഐ.ഡി.എഫ്.) ആക്രമണം നടത്തിയതായി നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ഇസ്രയേലിനെതിരേ നടത്തിയ ആക്രമണത്തിനുള്ള ശക്തമായ മറുപടിയാണിതെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഇസ്രയേലിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്ള ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.
ഹിസ്ബുള്ളയുടെ താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്ന് ഐ.ഡി.എഫ്. വക്താവും സ്ഥിരീകരിച്ചു. എന്നാൽ, ഏതൊക്കെ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രദേശത്ത് മൂന്ന് വലിയ സ്ഫോടനശബ്ദങ്ങൾ കേട്ടതായി പ്രാദേശികവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ നടത്തിയ ഈ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ലബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Content Highlights: Israeli defense forces launched powerful airstrikes targeting Hezbollah headquarters in Beirut following alleged ceasefire violations, resulting in multiple casualties and heightened tension in the region.