ഒന്ന് തകർക്കപ്പെട്ടു, ഇറാന്റെ രണ്ടാമത്തെ യുദ്ധക്കപ്പലും ലങ്കൻ അതിർത്തിയിൽ; തീരത്തടുക്കാൻ അനുമതി തേടി

#ന്യൂസ് ഡെസ്ക്
ഐആര്‍ഐഎസ് ദേന യുദ്ധക്കപ്പല്‍ | Photo Credit: X post by @Adrian850214131
ഐആര്‍ഐഎസ് ദേന യുദ്ധക്കപ്പല്‍ | Photo Credit: X post by @Adrian850214131

കൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന യുഎസ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നതിനെത്തുടർന്ന് മേഖലയിൽ വൻ യുദ്ധഭീതി നിലനിൽക്കുകയാണ്. അതിനിടെ, ഇറാന്റെ മറ്റൊരു യുദ്ധക്കപ്പൽ കൂടി ശ്രീലങ്കൻ സമുദ്രമേഖലയിൽ പ്രവേശിച്ചതായും അടിയന്തരമായി തീരത്തടുക്കാൻ അനുമതി തേടിയതായും ശ്രീലങ്കൻ പാർലമെന്റംഗം നമൽ രാജപക്‌സെ വെളിപ്പെടുത്തി.

ശ്രീലങ്കയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് തൊട്ടടുത്ത് നിലയുറപ്പിച്ചിരിക്കുന്ന ഈ കപ്പലിന് നിലവിൽ ശ്രീലങ്ക അനുമതി നൽകിയിട്ടില്ല. രണ്ടാമത്തെ ഇറാനിയൻ കപ്പൽ മേഖലയിലുള്ള വിവരം ശ്രീലങ്കൻ മാധ്യമ മന്ത്രി നളിന്ദ ജയതിസ്സയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കപ്പലും ആക്രമിക്കപ്പെട്ടേക്കുമെന്ന് ഭീതി നിലനിൽക്കുന്നതിനിടെയാണ് തീരത്തടുക്കാൻ അനുമതി തേടിയിരിക്കുന്നത്.

ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന സംയുക്ത സൈനികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന കപ്പലിനുനേരെ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. ഏകദേശം 87 നാവികർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കടലിൽ വീണ 32 നാവികരെ ശ്രീലങ്കൻ സേന രക്ഷപ്പെടുത്തിയെങ്കിലും നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇറാനിൽനിന്ന് 2,000 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് യുഎസ് അന്തർവാഹിനി, കപ്പലിനെ ടോർപ്പിഡോ ഉപയോഗിച്ച് തകർത്തത്.

ഇറാൻ കപ്പലിന് നേരെ നടന്ന ആക്രമണം തങ്ങളുടെ വലിയ വിജയമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രതികരിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് ശനിയാഴ്ച പുലർച്ചെ ഈ സൈനികനീക്കം ആരംഭിച്ചതെന്നും ഇസ്രയേലുമായുള്ള സംയുക്ത ഓപ്പറേഷന്റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിർണായകമായ ഈ സൈനിക നീക്കത്തിലൂടെ അമേരിക്ക തങ്ങളുടെ കരുത്ത് തെളിയിച്ചിരിക്കുകയാണെന്നും ഹെഗ്‌സെത്ത് കൂട്ടിച്ചേർത്തു. അതേസമയം, മേഖലയിൽ മറ്റൊരു ഇറാനിയൻ കപ്പൽകൂടി എത്തിയതോടെ സ്ഥിതിഗതികൾ അതീവ സങ്കീർണമായി തുടരുകയാണ്.