ഇറാൻ യുദ്ധക്കപ്പൽ ശ്രീലങ്കൻ തീരത്ത് മുങ്ങി, 35 പേരെ രക്ഷപ്പെടുത്തി

കൊളംബോ: ഇറാൻ നാവിക സേനയുടെ കപ്പൽ ശ്രീലങ്കൻ തീരത്തിന് സമീപം കടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 35 പേരെ ശ്രീലങ്കൻ നാവിക സേന രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇറാൻ നാവിക സേനയുടെ ഫ്രിഗേറ്റ് വിഭാഗത്തിൽ വരുന്ന ദേന എന്ന യുദ്ധക്കപ്പലാണ് മുങ്ങിയത്. ഇതിൽ 180 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കയുടെ തെക്കുകിഴക്കൻ തുറമുഖമായ ഗാലെയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്.
കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ശ്രീലങ്ക രക്ഷാപ്രവർത്തനത്തിനായി നാവികസേനയെ അയച്ചത്. നാവികസേനയ്‌ക്കൊപ്പം വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി ആക്രമണം നടക്കുന്നതിനിടെയാണ് സംഭവം. ഇറാന്റെ നാവികസേനയെ ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു. നിരവധി ഇറാൻ യുദ്ധക്കപ്പലുകളെ തകർത്തതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു.
രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ശ്രീലങ്ക അറിയിച്ചു. അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ അനുസരിച്ചുള്ള തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള ബാധ്യത നിറവേറ്റുകയാണ് തങ്ങൾ ചെയ്തതെന്ന് ശ്രീലങ്കൻ നാവികസേനാ വക്താവ് ബുദ്ധിക സമ്പത്ത് വ്യക്തമാക്കി.