'യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വ്യാപിപ്പിക്കും'; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: അമേരിക്ക വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ഇറാൻ. പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ മുതിർന്ന സൈനിക ഉപദേഷ്ടാവ് യഹ്യ റഹീം സഫാവിയാണ് ഇക്കാര്യം പറഞ്ഞത്. പേർഷ്യൻ ഗൾഫിൽനിന്ന് ഹോർമുസ് കടലിടുക്കിലേക്കും ചെങ്കടലിലേക്കും സംഘർഷം വ്യാപിച്ച സാഹചര്യത്തിലാണ് സഫാവിയുടെ പരാമർശം. അമേരിക്ക വീണ്ടും സൈനിക നടപടി സ്വീകരിച്ചാൽ യുദ്ധത്തിന്റെ ഭൂമിശാസ്ത്രപരമായ പരിധി കൂടുതൽ വികസിപ്പിക്കാമെന്നും ഇന്ത്യൻ മഹാസമുദ്രത്തിലേക്കും അതിനപ്പുറത്തേക്കും സംഘർഷം എത്താമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഫാർസ് വാർത്താ ഏജൻസി പുറത്തുവിട്ട വീഡിയോയിലാണ് പ്രതികരണം.
അമേരിക്കയുടെ ഭാഗത്തുനിന്ന് വീണ്ടും ആക്രമണമുണ്ടായാൽ തിരിച്ചടി കൂടുതൽ വ്യാപിപ്പിക്കുമെന്ന് ഇറാൻ ഉദ്യോഗസ്ഥർ നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ അമേരിക്കയുടെ സൈനിക സാന്നിധ്യവും താൽപര്യങ്ങളും ലക്ഷ്യമാക്കി നടപടികൾ സ്വീകരിക്കാനുള്ള സാധ്യതയാണ് ഇറാൻ വ്യക്തമാക്കുന്നത്. അമേരിക്ക ഇനിയും ആക്രമിച്ചാൽ തിരിച്ചടിക്കാനുള്ള തന്ത്രങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറും (ഐആർജിസി) മുന്നറിയിപ്പ് നൽകിയിരുന്നു. ശേഷി കൂടിയ പുതിയ ആയുധങ്ങൾ ഉപയോഗിക്കുമെന്നും ഇതുവരെ ആക്രമിക്കാത്ത പുതിയ കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്നും ദീർഘകാല യുദ്ധത്തിന് ഇറാൻ തയ്യാറാണെന്നും ഐആർജിസി വ്യക്തമാക്കിയിരുന്നു.
യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വ്യാപിച്ചാൽ കടൽ ഗതാഗതത്തെ ഇനിയും വലിയ തോതിൽ ബാധിക്കും. ചെങ്കടലിനെ ഗൾഫ് ഓഫ് ഏഡനുമായി ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദേബ് കടലിടുക്കിലും പേർഷ്യൻ ഗൾഫിനെയും ഗൾഫ് ഓഫ് ഒമാനെയും ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്കിലും ഇപ്പോൾ തന്നെ കപ്പൽ ഗതാഗതം പ്രതിസന്ധിയിലാണ്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ഇതിനകം തന്നെ വലിയ കുറവുണ്ടായതായി റിപ്പോർട്ട് പറയുന്നു. വാരാന്ത്യത്തിൽ കടലിടുക്കിലൂടെ കടന്നുപോയ ചരക്ക് കപ്പലുകളുടെ എണ്ണം 17 ആയി. മുൻവാരം ഇത് 37 ആയിരുന്നു. സംഘർഷത്തിന് മുമ്പ് പ്രതിദിന ശരാശരി ഏകദേശം 125 കപ്പലുകളായിരുന്നു ഇതുവഴി കടന്നുപോയിരുന്നത്. ഏഷ്യയിലേക്കും തിരിച്ചുമുള്ള പ്രധാന ഊർജ, വാണിജ്യ കപ്പൽപാതകൾ ഇന്ത്യൻ മഹാസമുദ്രത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ യുദ്ധം ഈ മേഖലയിലേക്ക് വ്യാപിച്ചാൽ ഊർജ വിതരണത്തേയും വ്യാപാരത്തേയും കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ.
Content Highlights: Iran warned that any further US military action could expand conflict into the Indian Ocean. Senior advisor Yahya Rahim Safavi stated Iran is prepared to extend the geopolitical scope of war beyond Persian Gulf and Red Sea routes.