ലെബനൻ മുഴുവൻ കത്തിക്കണമെന്ന് ഇസ്രയേൽ മന്ത്രി; ഇറാൻ-യുഎസ് ആദ്യ റൗണ്ട് ചർച്ച റദ്ദാക്കി

ടെൽ അവീവ്: പശ്ചിമേഷ്യയിൽ ശാശ്വത സമാധാനത്തിനു വഴിതുറന്ന് ഇറാനും യുഎസും ഇടക്കാലസമാധാന കരാറിൽ ഒപ്പുവെച്ചെങ്കിലും കല്ലുകടികൾ തുടരുന്നു. ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതും ഹിസ്ബുള്ളയുടെ തിരിച്ചടിയും തുടർ ചർച്ചകളെ അനിശ്ചതത്വത്തിലാക്കി. അന്തിമ കരാർ ലക്ഷ്യമിട്ട് സ്വിറ്റ്സർലൻഡിൽ വെള്ളിയാഴ്ച നടത്താനിരുന്ന ആദ്യഘട്ട ചർച്ച റദ്ദാക്കി. ലെബനനിൽ ഇസ്രയേൽ ആക്രമണം നടത്തുന്നത് ചൂണ്ടിക്കാട്ടി ഇറാൻ ചർച്ചകളിൽനിന്ന് പിൻവാങ്ങിയതോടെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് സ്വിറ്റ്‌സർലൻഡിലേക്കുള്ള യാത്ര റദ്ദാക്കി.
യു.എസ്.സുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുമ്പ് ലെബനനിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകണമെന്ന ആവശ്യം ഇറാൻ മുന്നോട്ടുവെച്ചതായി നയതന്ത്രജ്ഞരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
'ഒപ്പുവെച്ച കരാറിൽ പറഞ്ഞിരിക്കുന്നതുപോലെ ലെബനനിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന ഉറപ്പ് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്, മധ്യസ്ഥർ നിലവിൽ ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്' നയതന്ത്രജ്ഞർ വ്യക്തമാക്കി.
ഇറാൻ-യുഎസ് കരാറിനെ എതിർക്കുന്ന ഇസ്രയേൽ കഴിഞ്ഞ ദിവസം രാത്രി കനത്ത ആക്രമണമാണ് ലെബനനിൽ നടത്തിയത്. ഇതിന് പിന്നാലെ ഹിസ്ബുള്ളയുടെ ആക്രമണത്തിൽ നാല് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. തുടർന്ന് രൂക്ഷ പ്രതികരണവുമായി ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ-ഗ്വിർ രംഗത്തെത്തി. ലെബനൻ മുഴുവൻ കത്തിയെരിയണമെന്നും ഉന്മൂലനം ചെയ്യണമെന്നും ഇസ്രയേൽ മന്ത്രി ആവശ്യപ്പെട്ടു.
'ഒരോ ഇസ്രായേലി അമ്മമമാരുടെ കണ്ണുനീരിനും, ആയിരം ലെബനീസ് അമ്മമാർ കരയേണ്ടിവരും. ലെബനൻ മുഴുവൻ കത്തിനശിക്കട്ടെ!, മിഡിൽ ഈസ്റ്റിൽ, അളന്നുള്ള പ്രതികരണങ്ങൾ കൊണ്ടോ സംയമനം കൊണ്ടോ ജയിക്കാൻ കഴിയില്ല. നിങ്ങൾക്ക് ഭ്രാന്തൻമാരായി മാറണം. ഉന്മൂലനം ചെയ്യണം. ഭീകരതയെ തകർക്കണം'ബെൻ-ഗ്വിർ എക്‌സിൽ കുറിച്ചു.
ഇറാൻ യുഎസ് കരാറിൽ ലെബനനിൽ വെടിനിർത്തലടക്കം ഉൾപ്പെട്ടിരുന്നു. എന്നാൽ ഇസ്രയേൽ മന്ത്രിമാർ ഇത് അംഗീകരിച്ചിരുന്നില്ല.
Content Highlights: Iran-US interim peace agreement faces collapse due to ongoing regional hostilities., Switzerland talks cancelled after Iran withdrew over Israeli military actions in Lebanon., Iran demands a guarantee of ceasefire in Lebanon before resuming diplomatic dialogue