‘ഇത്തവണ ഉന്നം തെറ്റില്ല’, ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിൽ ട്രംപിനെതിരെ വധഭീഷണി

#ന്യൂസ് ഡെസ്ക്
Photo: X / @ScaryEurope
Photo: X / @ScaryEurope

ടെഹ്റാൻ: ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വധഭീഷണി. 2024-ൽ നടന്ന ഒരു റാലിയിലെ വധശ്രമത്തിന്റെ ചിത്രങ്ങളോടെയാണ് ടെലിവിഷനിൽ ഭീഷണിപ്പെടുത്തുന്ന വിധത്തിലുള്ള ദൃശ്യം സംപ്രേഷണം ചെയ്തത്. ജൂലായ് 2024-ൽ പെൻസിൽവാനിയയിലെ ബട്ട്ലറിൽ ട്രംപ് പങ്കെടുത്ത പ്രചാരണ റാലിയിൽ നിന്നുള്ള ചിത്രമാണ് ഇറാനിയൻ സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്തത്. ഈ റാലിയിൽ ട്രംപിന് വെടിയേറ്റിരുന്നു. ഈ ചിത്രവും അതിനോടൊപ്പം ഇത്തവണ ഉന്നം തെറ്റില്ലെന്ന സന്ദേശവും ഉണ്ടായിരുന്നതായി എഎഫ്‌പി, ന്യൂയോർക്ക് പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

യു.എസ് പ്രസിഡന്റിനെതിരെ ഇറാൻ നടത്തിയിട്ടുള്ള ഏറ്റവും തുറന്ന ഭീഷണികളിൽ ഒന്നാണ് ഈ സംപ്രേഷണം. ഇറാനെതിരെ യുഎസ് സൈനിക നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണിത്. ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങളെ സൈനിക ഇടപെടലിനുള്ള ന്യായീകരണമായി യുഎസ് ഉപയോഗിക്കുന്നു എന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥരുടെ ആരോപണം. എന്നാൽ സംഭവത്തെക്കുറിച്ച് അധികൃതരിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

മേഖലയിൽ യുഎസ് സൈനിക നീക്കങ്ങൾ ആരംഭിച്ചതായി അവകാശവാദങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഈ ഭീഷണി. ഇറാൻ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുമെന്ന ആശങ്കകൾക്കിടയിൽ മധ്യേഷ്യയിലെ യുഎസിന്റെ ഏറ്റവും വലിയ താവളത്തിൽ നിന്ന് സൈനിക നീക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 

പ്രക്ഷോഭകരോടുള്ള നടപടികൾ ഇറാൻ വർധിപ്പിക്കുകയാണെങ്കിൽ യുഎസ് ശക്തമായി പ്രതികരിക്കുമെന്ന് ചൊവ്വാഴ്ച സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പ്രതികരിച്ചിരുന്നു."അവർ അങ്ങനെ എന്തെങ്കിലും ചെയ്താൽ ഞങ്ങൾ വളരെ ശക്തമായ നടപടിയെടുക്കും, ട്രംപ് പറഞ്ഞു. ആഭ്യന്തര കലാപം മുൻനിർത്തി യുഎസിന്റെ ഭാഗത്തുനിന്നുള്ള സൈനിക ഇടപെടലിനുള്ള മുതലെടുപ്പായാണ് ഈ പ്രസ്താവനകളെ ഇറാൻ അധികൃതർ കണക്കിലെടുത്തത്. 

Content Highlights: Iranian state TV broadcasts a death threat against US President Donald Trump, showing images from a 2024 rally where he was shot. This escalates tensions amid US military actions.