ഹോർമുസിലെ ടോൾ: ആദ്യ വരുമാനം കിട്ടിയെന്ന് ഇറാൻ, പഴയപടിയാകില്ലെന്ന് മുന്നറിയിപ്പ്

ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ടോൾ ഇനത്തിൽ ആദ്യമായി വരുമാനം ലഭിച്ചുവെന്ന് ഇറാൻ.
'ഹോർമുസ് കടലിടുക്കിൽ നിന്നുള്ള ടോൾ വരുമാനത്തിന്റെ ആദ്യ ഗഡു സെൻട്രൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു' എന്ന് ഇറാൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ ഹമീദ് റെസ ഹാജിബാബേയ് പറഞ്ഞു. ഇറാനിയൻ വാർത്താ ഏജൻസിയോടാണ് പ്രതികരണം.
മറ്റ് ഇറാനിയൻ മാധ്യമങ്ങളും ഇതേ പ്രസ്താവന റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. ഫെബ്രുവരി 28-ന് പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതുമുതൽ പ്രധാന കപ്പൽ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് ഒരു പ്രധാന സംഘർഷഭൂമിയായി മാറിയിട്ടുണ്ട്.
ലോകത്തിലെ എണ്ണ, വാതക പ്രവാഹത്തിന്റെ അഞ്ചിലൊന്നും മറ്റു ചരക്കുകളും കടന്നുപോയിരുന്ന ഈ കടലിടുക്കിലൂടെ ഇപ്പോൾ വിരലിലെണ്ണാവുന്ന കപ്പലുകളെ കടത്തിവിടുന്നുള്ളൂ. യുദ്ധത്തിന് ശേഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ടോൾ ഏർപ്പെടുത്താൻ ഇറാനിയൻ പാർലമെന്റ് ബിൽ പാസാക്കിയിരുന്നു.
ഇനി യുദ്ധത്തിന് മുമ്പത്തെ നിലയിലേക്ക് ഹോർമുസ് കടലിടുക്ക് മടങ്ങിവരില്ലെന്നും ഇറാൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാർച്ച് 30നാണ് പാർലമെന്റിന്റെ സുരക്ഷാ കമ്മിറ്റി ടോൾ ഏർപ്പെടുത്താനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകിയത്. എന്നാൽ ഈ നിർദ്ദേശത്തിൽ അവസാന പാർലമെന്റ് സമ്മേളനത്തിൽ
വോട്ടെടുപ്പ് നടന്നോ എന്നത് വ്യക്തമല്ല. എന്നാൽ കഴിഞ്ഞ ദിവസം മുതൽ നിയന്ത്രണങ്ങൾ മറികടക്കുന്ന കപ്പലുകൾ പിടിച്ചെടുക്കൽ ഇറാൻ ആരംഭിച്ചിട്ടുണ്ട്.
ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങി 30-ൽ അധികം രാജ്യങ്ങൾ ഹോർമുസിലൂടെയുള്ള ഗതാഗതം സംരക്ഷിക്കാൻ ചർച്ചകൾ നടത്തിയിട്ടുണ്ട്. അതേസമയം ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ഏർപ്പെടുത്തിയതിന് തിരിച്ചടിയായി യുഎസ് ഇറാനുമേൽ നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാനിയൻ തുറമുഖങ്ങളെ ലക്ഷ്യമിട്ട് യുഎസ് നടത്തിവരുന്ന ഉപരോധം ഇറാന്റെ എണ്ണ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.
Content Highlights: Iran confirms receipt of first toll payments from the Strait of Hormuz., Toll implementation follows regional conflict