'ഇറാനിലുള്ള ചാരന്‍ വിവരംചോര്‍ത്തി; ഭൂഗര്‍ഭ അറയിലിരുന്ന നസ്രള്ളയ്ക്കുമേല്‍ കൃത്യമായി മിസൈല്‍ പതിച്ചു'

ജറുസലേം: ഇറാൻ പൗരനായ ഇസ്രയേൽ ചാരൻ കൃത്യമായ വിവരങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്രള്ള ഉണ്ടായിരുന്ന ഇടത്ത് ഇസ്രയേൽ സൈന്യം മിസൈൽ വർഷിച്ചതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയൻ. നസ്രള്ള കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇസ്രയേൽ സൈന്യത്തിന് ചാരൻ വിവരം നൽകിയതെന്നാണ് ലെബനൻ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്.
ബെയ്റൂത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗർഭ അറയിൽ വെച്ച് ഉന്നതതല അംഗങ്ങളുമായി ഹസൻ നസ്രള്ള യോഗം ചേരുന്നുവെന്നായിരുന്നു ചാരൻ ഇസ്രയേൽ സൈന്യത്തെ അറിയിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു ബയ്റുത്തിലെ വ്യോമാക്രമണത്തിൽ നസ്രള്ള കൊല്ലപ്പെട്ടത്. ലോകത്തെ ഭീതിപ്പെടുത്താൻ നസ്രള്ള ഇനിയില്ലെന്ന ആമുഖത്തോടെ ഇസ്രയേൽ സൈന്യമാണ് മരണവാർത്ത അറിയിച്ചത്. പിന്നീടിത് ഹിസ്ബുള്ളയും ഇക്കാര്യം സ്ഥിരീകരിച്ചു. നസ്രള്ളയെ വധിച്ചെന്ന പ്രഖ്യാപനത്തിനു പിന്നാലെ തങ്ങളെ ഭീക്ഷണിപ്പെടുത്തുന്ന ആരിലേക്കും എത്തുമെന്ന് ഇസ്രയേൽ സൈനികമേധാവി പറഞ്ഞു. ബയ്റുത്ത് ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടെന്നും 91 പേർക്ക് പരിക്കേറ്റെന്നും ലെബനൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആറുകെട്ടിടങ്ങൾ തകർന്നു.
ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചായിരുന്നു ഇസ്രയേൽ നസ്രള്ളയെ കൊലപ്പെടുത്തിയതെന്നാണ് ഇറാൻ ആരോപിച്ചത്. 5000 പൗണ്ട് ബങ്കർ ബസ്റ്റർ ബോംബ് ഉപയോഗിച്ചതായാണ് ആരോപണം. യു.എസ്. നൽകിയ ബോംബുകളാണ് ഇസ്രയേൽ ഉപയോഗിച്ചതെന്നും ഇറാൻ പറയുന്നു.
ലെബനനിലെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചുവെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട കെട്ടിടങ്ങളടക്കം ലക്ഷ്യം വെച്ച് നിരന്തരം മിസൈൽ വർഷിക്കുന്നതിന്റെ ദൃശ്യങ്ങളും ഇസ്രയേൽ പ്രതിരോധ സേന എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. ഹിസ്ബുള്ളയുടെ ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളും ഇവയിൽ ഉൾപ്പെടുമെന്ന് ഐ.ഡി.എഫ്. അറിയിച്ചു.
Content Highlights: Iran Spy Told Israel Hezbollah Chief's Location Before Airstrike Report