എല്ലാ ഘടകങ്ങളുമായി; ഇറാന്‍ ആണവായുധം നിർമ്മിക്കുന്നതിന് അടുത്തെത്തിയെന്ന് ആണവോര്‍ജ ഏജന്‍സി

ന്യൂയോര്‍ക്ക്: ഇറാന്‍ ആണവായുധം നിര്‍മിക്കുന്നതിന് തൊട്ടടുത്തെത്തിയെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി റഫായേല്‍ ഗ്രോസി. ആണവായുധം നിര്‍മിക്കാനാവശ്യമായ എല്ലാ കാര്യങ്ങളും ഇപ്പോള്‍ അവരുടെ പക്കലുണ്ട്. എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാമെന്നും റഫായേല്‍ ഗ്രോസി അഭിപ്രായപ്പെട്ടു. ഫ്രഞ്ച് മാധ്യമമായ ലെ മോണ്ടെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗ്രോസി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആണവായുധം സ്വായത്തമാക്കുന്നതില്‍ നിന്ന് ഇറാന്‍ ഒട്ടും അകലെയല്ലെന്നും ഗ്രോസി മുന്നറിയിപ്പ് നല്‍കി.
ആണവ പദ്ധതികളുമായി ചര്‍ച്ചയ്ക്കായി ഇറാനിലേക്ക് തിരിക്കുന്നതിന് മുമ്പാണ് ഗ്രോസിയുടെ ഈ പരാമര്‍ശം. ആണവ പദ്ധതിയിലെ പുരോഗതികള്‍ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഗ്രോസി ഇറാനിലേക്ക് പോകുന്നത്.
ആണവായുധം നിര്‍മിക്കുക എന്നത് ജിഗ്‌സോ പസില്‍ പോലെയാണ്. ഇറാന്റെ പക്കല്‍ ഇപ്പോള്‍ അതിനുള്ള എല്ലാ സാമഗ്രികളുമുണ്ട്. ഇനി അവയെ ഒന്നിപ്പിക്കുക മാത്രമേ വേണ്ടു. അണുബോംബ് ഉണ്ടാക്കുന്നതില്‍ നിന്ന് അധികം അകലെയല്ല അവര്‍. അതെപ്പോള്‍ വേണമെങ്കിലും നടന്നേക്കാമെന്നാണ് ഗ്രോസി പറയുന്നത്.
യുഎന്നിന്റെ കീഴിലുള്ള സ്വതന്ത്ര സംഘടനയാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ( ഐ.എ.ഇ.എ). 2015ല്‍ യു.എന്നിലെ അഞ്ച് രക്ഷാസമിതി സ്ഥിരാംഗങ്ങളുമായി ചേര്‍ന്ന് ഒപ്പുവെച്ച ഉടമ്പടി പ്രകാരം ഇറാന്റെ ആണവ പദ്ധതികള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയാണ് ഐ.എ.ഇ.എ. ബരാക്ക് ഒബാമ യു.എസ് പ്രസിഡന്റായിരുന്ന സമയത്താണ് സുപ്രധാനമായ ഉടമ്പടി യാഥാര്‍ഥ്യമായത്. എന്നാല്‍ പിന്നാലെ അധികാരത്തില്‍ വന്ന ഡൊണാള്‍ഡ് ട്രംപ് 2015ല്‍ ഈ ഉടമ്പടിയില്‍ നിന്ന് പിന്മാറി.
രണ്ടാമതും അധികാരത്തില്‍ വന്നതിന് പിന്നാലെ പുതിയ കരാറിനായി ഇറാനെ നിര്‍ബന്ധിക്കുകയാണ് ട്രംപ് ചെയ്യുന്നത്. എന്നാല്‍ ഭീഷണിക്ക് വഴങ്ങില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് റഫായേല്‍ ഗ്രോസിയുടെ പ്രസ്താവന വരുന്നത്.
Content Highlights: IAEA chief warns Iran is dangerously close to developing a nuclear weapon