അസർബൈജാന് നേരേയും ഇറാന്റെ ഡ്രോൺ ആക്രമണം; സ്ഥാനപതിയെ വിളിച്ചുവരുത്തി; തങ്ങളുടെ ഡ്രോൺ അല്ലെന്ന് ഇറാൻ

#ന്യൂസ് ഡെസ്ക്
ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായ നഖ്ചിവന്‍ വിമാനത്താവളം | Photo: AP
ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായ നഖ്ചിവന്‍ വിമാനത്താവളം | Photo: AP

ബാക്കു: അസർബൈജാന് നേരേയും ഇറാന്റെ ഡ്രോൺ ആക്രമണം. അസർബൈജാന് കീഴിലുള്ള സ്വയംഭരണപ്രദേശമായ നഖ്ചിവനിലെ വിമാനത്താവളത്തിന് നേരേയും ഷാക്കറാബാദിലുമാണ് ഇറാന്റെ ഡ്രോണുകൾ പതിച്ചതെന്ന് അസർബൈജാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രണ്ടിടങ്ങളിലും ഡ്രോൺ ആക്രമണമുണ്ടായതെന്നും ഇറാന്റെ ഭാഗത്തുനിന്നാണ് ഡ്രോൺ വന്നതെന്നും അസർബൈജാൻ ആരോപിച്ചു. അതേസമയം, അസർബൈജാനെ തങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നാണ് ഇറാന്റെ നിലപാട്.

നഖ്ചിവനിലെ വിമാനത്താവള കെട്ടിടത്തിലാണ് ഒരു ഡ്രോൺ പതിച്ചതെന്നാണ് അസർബൈജാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. മറ്റൊരു ഡ്രോൺ ഷാക്കറാബാദിലെ സ്‌കൂൾ കെട്ടിടത്തിന് സമീപത്തും പതിച്ചു. രണ്ട് സാധാരണക്കാർക്ക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റു. വിമാനത്താവളത്തിന്റെ കെട്ടിടത്തിന് നാശനഷ്ടമുണ്ടായെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇറാന്റെ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി അറിയിച്ച അസർബൈജാൻ, ഇറാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കുകയുംചെയ്തു. ഇറാനിൽനിന്ന് വ്യക്തമായ വിശദീകരണം തേടിയതായും ആക്രമണമുണ്ടായാൽ ഉചിതമായരീതിയിൽ പ്രതികരിക്കാൻ രാജ്യത്തിന് അവകാശമുണ്ടെന്നും അസർബൈജാൻ ഇറാനെ ഓർമിപ്പിച്ചു.

അതേസമയം, അസർബൈജാനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇറാന്റെ നിലപാട്. അസർബൈജാനെതിരേ ഡ്രോൺ ആക്രമണം നടത്തിയെന്ന ആരോപണം ഇറാൻ വിദേശകാര്യ സഹമന്ത്രി കാസിം ഗരീബാബാദി നിഷേധിച്ചു. അയൽരാജ്യങ്ങളെ ഒരിക്കലും ഇറാൻ ലക്ഷ്യമിടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശത്രുക്കളുടെ സൈനികതാവളങ്ങൾ മാത്രം ലക്ഷ്യമിട്ട് ആക്രമണം നടത്തുകയെന്നതാണ് ഇറാന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞദിവസം തുർക്കിയ്ക്ക് നേരേ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചെന്ന ആരോപണവും ഇറാൻ നിഷേധിച്ചിട്ടുണ്ട്.

അതിനിടെ, അസർബൈജാൻ ഇസ്രയേലിന്റെ ചാരവൃത്തിക്കുള്ള താവളമാക്കി മാറ്റുന്നതായി ഇറാൻ നേരത്തേ ആരോപണമുന്നയിച്ചിട്ടുണ്ടെന്ന് അൽ ജസീറ റിപ്പോർട്ട്‌ചെയ്തു. ഈ വിഷയത്തിൽ അസർബൈജാൻ സർക്കാരിനെ ഇറാൻ ഏറെക്കാലമായി കുറ്റപ്പെടുത്തുകയാണ്. ഇറാന്റെ സുരക്ഷയെ ദുർബലപ്പെടുത്തുന്ന നടപടികളിൽനിന്ന് പിൻവാങ്ങിയില്ലെങ്കിൽ ശിക്ഷിക്കപ്പെടുമെന്നും നേരത്തേ ഇറാൻ അസർബൈജാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച നടന്ന ഡ്രോൺ ആക്രമണം ഇറാന്റെ വ്യക്തമായ സന്ദേശമായി കരുതാമെന്നും അൽ ജസീറയുടെ റിപ്പോർട്ടിലുണ്ട്. കഴിഞ്ഞദിവസം തുർക്കിയ്ക്ക് നേരേയും ഇറാന്റെ മിസൈൽ ആക്രമണമുണ്ടായിരുന്നു. നാറ്റോ പ്രതിരോധസേനയാണ് തുർക്കിയുടെ വ്യോമാതിർത്തി കടന്നെത്തിയ ബാലിസ്റ്റിക് മിസൈൽ വെടിവെച്ചിട്ടത്. ഈ സംഭവത്തിൽ തുർക്കിയും ഇറാനെ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അസർബൈജാനും ഇറാൻ ആക്രമിച്ചതായി ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: Azerbaijan accuses Iran of a drone attack on Nakhchivan airport and Shakrabad., Iran officially denies the allegations, stating it does not target neighboring countries., The incident occurs amid existing tensions over Azerbaijan's alleged ties with Israel., This follows a recent, separate alleged Iranian missile attack on Turkey.