യുഎസിന്റെ വിമാനവാഹിനിക്കപ്പലിനെ ആക്രമിച്ചെന്ന് ഇറാൻ; അവകാശവാദം തള്ളി അമേരിക്ക

ടെഹ്‌റാൻ: അമേരിക്കയുടെ പടുകൂറ്റൻ വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണെ ആക്രമിച്ചതായി ഇറാൻ. നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് എബ്രഹാം ലിങ്കണെ ആക്രമിച്ചതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി കോർ (ഐആർജിസി) അവകാശപ്പെട്ടു. കരയും കടലും 'തീവ്രവാദികളായ അക്രമികളു'ടെ ശവപ്പറമ്പായി മാറുമെന്ന മുന്നറിയിപ്പും ഐആർജിസി നൽകിയതായി സേനയുടെ പ്രസ്താവനയെ ഉദ്ധരിച്ച് ഇറാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം ഐആർജിസിയുടെ അവകാശവാദം യുഎസ് തള്ളി. പച്ചക്കള്ളമാണ് ഇറാൻ പ്രചരിപ്പിക്കുന്നത് എന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെട്ടിട്ടില്ല. ഇറാന്റെ മിസൈലുകൾ അടുത്ത് പോലും എത്തിയിട്ടില്ല. ഇറാനിയൻ ഭരണകൂടത്തിന്റെ ഭീഷണികളെ ഇല്ലാതാക്കി അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കാനുള്ള സെന്റ്‌കോമിന്റെ നിരന്തരമായ പരിശ്രമങ്ങൾക്ക് പിന്തുണയേകിക്കൊണ്ട് യുഎസ്എസ് എബ്രഹാം ലിങ്കൺ അതിന്റെ പ്രവർത്തനങ്ങൾ തുടരുന്നുവെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു സെന്റ്‌കോമിന്റെ പ്രതികരണം.
യുഎസ്എസ് എബ്രഹാം ലിങ്കൺ
നിമിറ്റ്‌സ് ക്ലാസിൽപെട്ട യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ആണവോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സൂപ്പർ കാരിയറാണ്. അടുത്തിടെ പശ്ചിമേഷ്യൻ മേഖലയിൽ യുഎസ് വിന്യസിച്ച രണ്ട് പ്രധാന വിമാന വാഹിനി പടക്കപ്പലുകളിൽ ഒന്നാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ. ഇറാൻ തീരത്തോട് അടുത്താണ് കപ്പലുകളെ യുഎസ് വിന്യസിച്ചത്. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ആണ് മേഖലയിൽ വിന്യസിച്ച രണ്ടാമത്തെ വിമാനവാഹിനി.
1092 അടി (333 മീറ്റർ) നീളമുള്ള യുഎസ്എസ് എബ്രഹാം ലിങ്കൺ, ഒഴുകുന്ന വ്യോമതാവളം (Floating Airbase) എന്നാണ് അറിയപ്പെടുന്നത്. ഒരേസമയം 90 വിമാനങ്ങളേയും ഹെലികോപ്റ്ററുകളേയും വഹിക്കാൻ എബ്രഹാം ലിങ്കണ് കഴിയും. ഇതുവഴി കരയിൽ നിന്നുള്ള സഹായമില്ലാതെ നടുക്കടലിൽ നിന്ന് തന്നെ ശത്രുവിനെതിരെ വ്യോമാക്രമണം നടത്താൻ കപ്പലിന് സാധിക്കും. അഞ്ചാം തലമുറയിൽ പെട്ട അത്യാധുനിക എഫ്-35സി ലൈറ്റ്‌നിങ് 2 വിമാനങ്ങൾ ആദ്യമായി വിന്യസിക്കപ്പെട്ട വിമാന വാഹിനി കപ്പലുകളിലൊന്നാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ.
ആണവോർജത്തിൽ പ്രവർത്തിക്കുന്നതിനാൽ തുറമുഖങ്ങളിൽ നിർത്താതെ എത്രദൂരം വേണമെങ്കിലും സഞ്ചരിക്കാം. രണ്ട് എ4ഡബ്ല്യു ആണവ റിയാക്ടറുകളാണ് എബ്രഹാം ലിങ്കണ് കരുത്തേകുന്നത്. 25 വർഷം വരെ ഇന്ധനം നിറയ്ക്കാതെ കുതിക്കാൻ കപ്പലിന് കഴിയും. 30 നോട്ട്‌സ് അഥവാ മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കപ്പലിന് കഴിയും. 5000 മുതൽ 6000 വരെ സൈനികർക്ക് ഒരേസമയം എബ്രഹാം ലിങ്കണിൽ ജോലി ചെയ്യാൻ സാധിക്കും.
യുഎസ്എസ് എബ്രഹാം ലിങ്കൺ ഒരിക്കലും ഒറ്റയ്ക്ക് സഞ്ചരിക്കാറില്ല. മിസൈൽ വേധ കപ്പലുകൾ (Destroyers), യുദ്ധക്കപ്പലുകൾ (Cruisers), മുങ്ങിക്കപ്പലുകൾ (Submarines) എന്നിവ അടങ്ങുന്ന കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പ് 3 എന്നറിയപ്പെടുന്ന സംഘം കപ്പലിനെ ഏതുസമയവും അനുഗമിക്കും.
Content Highlights: Iran's IRGC claimed a ballistic missile attack on the USS Abraham Lincoln aircraft carrier, warning that land and sea would become a graveyard for attackers. The US Central Command dismissed the claim as false, stating the vessel remains safe.