പിഎംഒ ആക്രമണം: നെതന്യാഹുവിന്റെ സ്ഥിതി വ്യക്തമല്ലെന്ന് ഇറാൻ; വ്യാജപ്രചാരണമെന്ന് ഇസ്രയേൽ

#News Desk
ബെഞ്ചമിൻ നെതന്യാഹു | Photo: AFP
ബെഞ്ചമിൻ നെതന്യാഹു | Photo: AFP

ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിൽ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടതിന് പിന്നാലെ നെതന്യാഹുവിന് എന്തെങ്കിലും സംഭവിച്ചോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് (ഐആർജിസി) പുറത്തിറക്കിയ പ്രസ്താവനയിലാണ് ടെൽ അവീവിലെ നെതന്യാഹുവിന്റെ ഓഫീസ് ഉൾപ്പെടെയുള്ള ഇസ്രയേലി സർക്കാർ, സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി അവകാശപ്പെട്ടത്. ലക്ഷ്യമിട്ട കേന്ദ്രങ്ങളെല്ലാം ആക്രമണത്തിൽ തകർന്നുവെന്നും നെതന്യാഹുവിന്റെ സ്ഥിതി എന്താണെന്ന് വ്യക്തമല്ല എന്നും ഐആർജിസി അറിയിച്ചതായി ഇറാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Also Read: യുഎസിന്റെ വിമാനവാഹിനിക്കപ്പലിനെ ആക്രമിച്ചെന്ന് ഇറാൻ; അവകാശവാദം തള്ളി അമേരിക്ക

ഇറാന്റെ പ്രസ്താവന പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് നെതന്യാഹുവിന് എന്ത് സംഭവിച്ചുവെന്ന ചോദ്യമുയർത്തിയത്. എക്‌സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇറാൻ ആക്രമിച്ചുവെന്ന വാർത്തകൾക്ക് താഴെയാണ് ഭൂരിഭാഗം പേരും നെതന്യാഹുവിന് എന്ത് സംഭവിച്ചു എന്ന് ചോദിക്കുന്നത്. നെതന്യാഹു കൊല്ലപ്പെട്ടോ എന്നും പലരും കമന്റുകളിൽ ചോദിച്ചു. ഇറാൻ അനുകൂല ഹാൻഡിലുകൾ ഇസ്രയേൽ പ്രധാനമന്ത്രി കൊല്ലപ്പെട്ടുവെന്നും പ്രചരിപ്പിക്കുന്നുണ്ട്.

Don’t Miss: പ്രതികാരത്തിന്റെ അടയാളം; ജംകരാൻ പള്ളിയിൽ ചുവന്ന കൊടി ഉയർത്തി ഇറാൻ, വരുന്നത് കനത്ത ആക്രമണമോ?

അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് ആക്രമിച്ചുവെന്ന ഐആർജിസിയുടെ വാദം ഇസ്രയേൽ തള്ളി. പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും നെതന്യാഹുവിന്റെ സ്ഥിതി വ്യക്തമല്ലെന്നുമുള്ള ഇറാൻ വാദം തെറ്റാണെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നെതന്യാഹുവിന്റെ ഓഫീസിന് ഒരു പോറൽ പോലുമേറ്റിട്ടില്ലെന്നും പിഎംഒ കൂട്ടിച്ചേർത്തു.

Content Highlights: The IRGC claimed a missile strike on Benjamin Netanyahu's office in Tel Aviv, leading to speculation about the Israeli PM's safety. While Iran claims the target was destroyed, Israel dismissed the reports as fake news.