യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ; പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | AP Photo/Vahid Salemi
പ്രതീകാത്മക ചിത്രം | AP Photo/Vahid Salemi

ടെഹ്റാൻ: യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ (ഏകദേശം 28 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ സൈന്യം. വനിതകളാണ് ഈ ദൗത്യം നിർവഹിക്കുന്നതെങ്കിൽ ഇരട്ടി പാരിതോഷികം നൽകുമെന്നും ഇറാൻ അറിയിച്ചു.

ഇറാൻ സൈനികത്തലവൻ അമീർ ഹാതമിയെ ഉദ്ധരിച്ച് ‘ഇർന’ വാർത്താ ഏജൻസിയാണ് വിവരം പുറത്തുവിട്ടത്. സാമ്പത്തികസഹായപദ്ധതിയിൽ പങ്കാളികളാകാൻ ഒട്ടേറെപ്പേർ അഭ്യർഥിച്ചതിനെത്തുടർന്നാണ് ഈ നീക്കമെന്ന് അമീർ പറഞ്ഞു.

നിലവിൽ യു.എസ്. ഇറാനിൽ കരയുദ്ധം നടത്തുന്നില്ല. ഏപ്രിലിൽ യു.എസിന്റെ ഒരു വിമാനം ഇറാനിൽ തകർന്നുവീണപ്പോൾ, രക്ഷാപ്രവർത്തനത്തിനുമാത്രമാണ് യു.എസ്. ഇറാൻമണ്ണിൽ നേരിട്ടിറങ്ങിയത്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് യു.എസിന്റെ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നതെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല.

ഫെബ്രുവരി 28-ന് യു.എസും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചതിനുപിന്നാലെ തുടങ്ങിയ യുദ്ധം പശ്ചിമേഷ്യയെ പ്രക്ഷുബ്ധമാക്കാൻ തുടങ്ങിയിട്ട് ആറുമാസത്തോളമാകുന്നു. ഇതിനിടെ, പലതവണ വെടിനിർത്താനും യുദ്ധം അവസാനിപ്പിക്കാനും ശ്രമം നടന്നെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. കരയുദ്ധം തുടങ്ങിയില്ലെങ്കിലും ഇറാനിൽ യു.എസ്. ഇടവിട്ട് വ്യോമാക്രമണം നടത്തിവരുന്നു. യുദ്ധം തുടർന്നാൽ കരയുദ്ധം ഉണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലതവണ ഭീഷണി മുഴക്കിയിട്ടുണ്ട്.

Content Highlights: Iran military offers $30,000 for killing or capturing US soldiers., Double reward is promised if women carry out the mission., The announcement comes amid the ongoing US-Israel and Iran conflict entering its sixth month., US President Donald Trump has previously threatened a ground invasion if the war continues.