അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ മുജ്തബയുടെ അസാന്നിധ്യം; ദുരൂഹത നീങ്ങാതെ ഇറാൻ

#ന്യൂസ് ഡെസ്ക്
മരണമടഞ്ഞ ഇറാനിയൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിക്ക് പ്രാർത്ഥനകൾ അർപ്പിക്കുന്നതിനായി ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ ഒത്തുകൂടിയ ജനങ്ങൾ| Photo: ATTA KENARE / AFP
മരണമടഞ്ഞ ഇറാനിയൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിക്ക് പ്രാർത്ഥനകൾ അർപ്പിക്കുന്നതിനായി ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ ഒത്തുകൂടിയ ജനങ്ങൾ| Photo: ATTA KENARE / AFP

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവായിരുന്ന അയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാരച്ചടങ്ങുകളിൽ മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബ ഖമനേയി പങ്കെടുത്തില്ല. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട അലി ഖമനേയിയുടെ സംസ്‌കാരച്ചടങ്ങിൽ അദ്ദേഹത്തിന്റെ മറ്റു മക്കളായ മൊസ്തഫ, മെയിസം, മസൂദ് എന്നിവർ പങ്കെടുത്തിരുന്നു. ഇവർക്കൊപ്പം മറ്റ് നാല് കുടുംബാംഗങ്ങളും ടെഹ്റാനിലെ ഇമാം ഖൊമൈനി ഗ്രാൻഡ് മൊസല്ലയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

അലി ഖമനേയിയുടെ മരണത്തെത്തുടർന്ന് ഒരാഴ്ച നീണ്ടുനിൽക്കുന്ന സംസ്‌കാരച്ചടങ്ങുകളാണ് ഇറാനിൽ നടക്കുന്നത്. മൃതദേഹങ്ങൾ അയൽരാജ്യമായ ഇറാഖിലെ ഷിയാ തീർഥാടന കേന്ദ്രങ്ങളിലും കൊണ്ടുപോകും. ഖമനേയിയുടെ മകൾ, മരുമകൻ, മരുമകൾ, 14 മാസം പ്രായമുള്ള കൊച്ചുമകൾ എന്നിവരുടെ മൃതദേഹങ്ങളും അദ്ദേഹത്തിനൊപ്പം വെച്ചിരുന്നു. പ്രാർഥനയ്ക്കിടെ മകൻ മസൂദ് ഖമനേയി വിതുമ്പുന്നതും പലസ്തീൻ ഐക്യദാർഢ്യത്തിന്റെയും വിപ്ലവ ആശയങ്ങളുടെയും പ്രതീകമായ കഫിയ ഉപയോഗിച്ച് കണ്ണീർ തുടയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.

അതേസമയം, പിതാവിനെ കൊലപ്പെടുത്തിയ ആക്രമണത്തിൽ മുജ്തബ ഖമനേയിക്കും പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. ഇദ്ദേഹത്തെക്കുറിച്ച് ഇതുവരെ ഒരു വിവരവും പുറത്തുവന്നിട്ടില്ല. മുജ്തബയുടെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റതായും കാലുകൾക്ക് സാരമായ പരിക്കുണ്ടെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മൊസല്ലയിലേക്ക് ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. തിങ്കളാഴ്ച ടെഹ്റാനിൽ നടക്കുന്ന വൻ റാലിക്ക് ശേഷം, ചൊവ്വാഴ്ച മൃതദേഹം ഷിയാ മതപഠന കേന്ദ്രമായ ഖൂമിലേക്ക് കൊണ്ടുപോകും. തുടർന്ന് ബുധനാഴ്ച ഇറാഖിലെ നജാഫ്, കർബല എന്നീ പുണ്യനഗരങ്ങളിൽ ചടങ്ങുകൾ നടക്കും. വ്യാഴാഴ്ച ഇറാനിൽ തിരിച്ചെത്തിച്ച് മഷ്ഹദിൽ ഖമനേയിയുടെ മൃതദേഹം ഖബറടക്കും.