ഒന്നിനുപിറകേ ഒന്നായി നാല് ഇന്ത്യൻ സഞ്ചാരികളും ബോധരഹിതരായി, ഒരാൾ മരിച്ചു; സംഭവം തായ്‌ലാൻഡിലെ കഫേയിൽ

ബാങ്കോക്ക്: തായ്‌ലാൻഡിലെ കഫേയിൽവെച്ച് ദുരൂഹസാഹചര്യത്തിൽ ബോധരഹിതരായ നാല് ഇന്ത്യൻ വിനോദസഞ്ചാരികളിൽ ഒരാൾ മരിച്ചു. തായ്‌ലാൻഡിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ത്യക്കാരനായ യുവാവിന്റെ മരണം സംഭവിച്ചതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ട് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും സംഭവത്തിൽ തായ്‌ലാൻഡ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില വിലയിരുത്തുന്നുണ്ടെന്നും എംബസി അധികൃതർ പറഞ്ഞു.
അതേസമയം, മരിച്ചയാളുടെ പേരുവിവരങ്ങളോ മരണകാരണമോ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽവിവരങ്ങളോ എംബസി പുറത്തുവിട്ടിട്ടില്ല.
ഫുക്കറ്റിലെ ഒരു കഫേയിൽവെച്ചാണ് ഇന്ത്യക്കാരായ നാല് വിനോദസഞ്ചാരികൾ ബോധരഹിതരായി വീണതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അഞ്ച് ഇന്ത്യൻ സഞ്ചാരികൾ കഫേയിൽ എത്തിയതെന്നാണ് ഇവിടത്തെ സുരക്ഷാജീവനക്കാരൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഒന്നിന് പിറകെ ഒന്നായി നാലുപേരും ബോധരഹിതരായത്. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും തായ് മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു. ചികിത്സയിലിരിക്കെയാണ് ഇതിൽ ഒരാളുടെ മരണം സംഭവിച്ചത്. മറ്റുള്ളവരുടെ നില തൃപ്തികരമാണെന്നും റിപ്പോർട്ടുകളിലുണ്ട്.
അതേസമയം, എങ്ങനെയാണ് നാലുപേരും ബോധരഹിതരായതെന്നോ മരണകാരണം എന്താണെന്നോ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലും വ്യക്തതയില്ല.
Content Highlights: One Indian tourist died following a mysterious collapse at a Phuket cafe., The Indian Embassy in Thailand is providing support to the family., Four individuals were hospitalized after losing consciousness early Saturday., The cause of the collapse remains under investigation by local authorities.