ചെങ്കടലിൽ ഇന്ത്യൻ കപ്പലിനുനേരെ ആക്രമണം; കപ്പൽ മുങ്ങി; 14 ജീവനക്കാരെ രക്ഷിച്ചു, അപലപിച്ച് ഇന്ത്യ

ഏദൻ (യെമൻ): ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം. ഇന്ത്യൻ പതാക വഹിക്കുന്ന എംഎസ്‌വി ഫൈസ് നൂർ ഒലിയ എന്ന കപ്പലാണ് യെമന്റെ തീരത്തുവെച്ച് ആക്രമിക്കപ്പെട്ടത്. ആക്രമണത്തെ തുടർന്ന് കപ്പൽ പൂർണമായി മുങ്ങി. കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും യെമൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ യെമൻ സ്വദേശിയായ ഒരാളൊഴികെ എല്ലാവരും ഇന്ത്യക്കാരാണ്.
ആക്രമണത്തിന് പിന്നിൽ ഹൂത്തികളാണെന്ന് യെമന്റെ നാഷണൽ റെസിസ്റ്റൻസ് ഫോഴ്‌സ് ആരോപിച്ചു. അതേസമയം ഹൂത്തികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കപ്പലിനുനേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. റിയാദിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. രക്ഷപ്പെടുത്തിയ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ യെമൻ അധികൃതരുമായി എംബസി ബന്ധപ്പെടുന്നുണ്ട്. ജീവനക്കാരെ രക്ഷിച്ചതിന് യെമൻ അധികൃതർക്ക് വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.
മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, മേഖലയിലെ അന്താരാഷ്ട്ര ജലപാതകളിലൂടെ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയണമെന്നും കൂട്ടിച്ചേർത്തു.
പ്രകോപനമില്ലാതെയാണ് എംഎസ്‌വി ഫൈസ് നൂർ ഒലിയയ്ക്കുനേരെ ആക്രമണമുണ്ടായതെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ എക്‌സിൽ കുറിച്ചു. ആക്രമണത്തെ തുടർന്ന് കപ്പൽ തലകീഴായി മറിഞ്ഞ് മുങ്ങുകയായിരുന്നു. 14 ജീവനക്കാരെയും യെമൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി, സുരക്ഷിതമായി മോഖ തുറമുഖത്ത് എത്തിച്ചു. യാതൊരുവിധ പ്രതിരോധ സംവിധാനങ്ങളും ഇല്ലാത്ത കപ്പലിനുനേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് പറഞ്ഞ മന്ത്രി, ഇന്ത്യക്കാരുടെ സുരക്ഷ പ്രധാനമാണെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യക്കാരുടെ സുരക്ഷ സമ്പൂർണമായി ഉറപ്പാക്കാൻ എല്ലാ ഏജൻസികളേയും ഏകോപിപ്പിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാനും മുങ്ങിയ കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ ജീവനക്കാർക്ക് ആവശ്യമായ എല്ലാ സഹായവും നൽകാനും ഡയറക്ടർ ജനറൽ മാരിടൈം അഡ്മിനിസ്‌ട്രേഷനോട് (ഡിജിഎംഎ) നിർദേശിച്ചതായും സർബാനന്ദ സോനോവാൾ അറിയിച്ചു.
Content Highlights: An Indian-flagged cargo ship, MSV Faiz Noor Oliya, sank in the Red Sea off the coast of Yemen following an attack, but all 14 crew members—including 13 Indians—were safely rescued by the Yemen Coast Guard and taken to Mokha port.