ട്രംപും മോദിയും തമ്മിൽ ഫോൺ സംഭാഷണം: 'മികച്ചതെന്ന് യുഎസ് അംബാസഡർ സെർജിയോ ഗോർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തെ പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. ഇരുനേതാക്കളും തമ്മിൽ വളരെ മികച്ച രീതിയിലാണ് സംസാരിച്ചതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.വ്യാപാരം, പ്രതിരോധം, ഊർജം, നിർണായക സാങ്കേതികവിദ്യകൾ തുടങ്ങിയ സുപ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം ഇരുനേതാക്കളും സമഗ്രമായി അവലോകനം ചെയ്തു.
ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയ്ക്കായി സഹകരണം ശക്തമാക്കുന്നതിനും ഇരുനേതാക്കളും ധാരണയിലെത്തി.
മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും വർത്തമാന സംഭവവികാസങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തിയ ഇരുനേതാക്കളും ആഗോള സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ചർച്ച ചെയ്തു.
ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
യുഎസ് കോൺഗ്രസ് അടുത്തിടെ പാസാക്കിയ 'സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട്' വഴി മോസ്‌കോയിൽ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ അധിക താരിഫ് ചുമത്താനുള്ള സാഹചര്യം സംബന്ധിച്ച് ഇന്ത്യ ആശങ്കയറിയിച്ചിട്ടുണ്ട്. 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Content Highlights: PM Modi and US President Donald Trump held a phone call to review bilateral cooperation., Discussions covered trade, defense, energy, and critical technologies., US Ambassador to India Sergio Gor praised the conversation on social media., India raised concerns regarding the US Sanctioning Russia and Iran Act affecting energy imports., External Affairs Minister S. Jaishankar confirmed ongoing discussions on the bilateral trade agreement.