ഇന്ത്യ പാകിസ്താനിൽ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന് ആരോപണം; മറുപടി നൽകി ഇന്ത്യ

പ്രതീകാത്മക ചിത്രം |ഫോട്ടോ:AP
പ്രതീകാത്മക ചിത്രം |ഫോട്ടോ:AP

ന്യൂഡല്‍ഹി: പാകിസ്താനെതിരേ ഇന്ത്യ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന ആരോപണത്തില്‍ മറുപടിയുമായി ഇന്ത്യ. ആരോപണം അടിസ്ഥാനരഹിതമാണെന്നും രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും പരാജയങ്ങള്‍ക്കും മറ്റുള്ളവരെയാണ് കുറ്റപ്പെടുത്തുന്നതെന്നും ഇന്ത്യ തിരിച്ചടിച്ചു. ബലൂചിസ്താനിലുണ്ടായ ട്രെയിന്‍ റാഞ്ചലിന് പിന്നാലെയാണ് പാകിസ്താൻ ഇന്ത്യക്കെതിരേ രം​ഗത്തെത്തിയത്. 

പാകിസ്താന്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണം തള്ളുന്നുവെന്നും ആഗോളഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാമെന്നും വിദേശകാര്യ വക്താവ് രണ്‍ധിര്‍ ജെയ്‌സ്വാള്‍ പറഞ്ഞു. വിരല്‍ ചൂണ്ടുന്നതിന് പകരം പാകിസ്താന്‍ സ്വയം ഉള്ളിലേക്ക് നോക്കണം. രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും പരാജയങ്ങള്‍ക്കും മറ്റുള്ളവരെയാണ് കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ ഇന്ത്യക്കെതിരേ ശക്തമായ ആരോപണങ്ങളാണ് പാകിസ്താന്‍ വിദേശകാര്യ വക്താവ് ഷാഫ്ഖത് അലി ഖാന്‍ ഉന്നയിച്ചത്. ഇന്ത്യ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്നും അയല്‍രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരേയും വിമര്‍ശനമുന്നയിച്ചു. പാകിസ്താന്‍ ഭീകരസംഘടനയായി കണക്കാക്കുന്ന ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയെ(ബിഎല്‍എ) ഇന്ത്യയിലെ മാധ്യമങ്ങള്‍ മഹത്വവത്കരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അതിന് പിന്നാലെയാണ് ഇന്ത്യ ശക്തമായ മറുപടിയുമായി രം​ഗത്തെത്തിയത്. 

ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ബലൂചിസ്താന്‍ പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം തീവണ്ടി റാഞ്ചിയത്. അതിന് പിന്നാലെ ബന്ദികളാക്കിയ യാത്രക്കാരെ പാക് സുരക്ഷാസേന മോചിപ്പിച്ചത് ദിവസം മുഴുവന്‍ നീണ്ട സൈനിക നടപടികള്‍ക്കൊടുവിലായിരുന്നു. ഏറ്റുമുട്ടലില്‍ 33 വിഘടനവാദികളേയാണ് പാക് സൈന്യം വധിച്ചത്. 21 യാത്രക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ജയിലിലടക്കപ്പെട്ട വിഘടനവാദികളെ വിട്ടയക്കണമെന്നായിരുന്നു ബിഎല്‍എയുടെ ആവശ്യം.

പാകിസ്താനില്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭീകരാക്രമണങ്ങള്‍ വന്‍ തോതില്‍ വര്‍ധിച്ചതായാണ് അടുത്തിടെ പുറത്തുവന്ന ഗ്ലോബല്‍ ടെററിസം ഇന്‍ഡക്‌സ് (ജിടിഐ) റിപ്പോര്‍ട്ടിൽ പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യങ്ങളില്‍ പാകിസ്താന്‍ രണ്ടാമതെത്തി. പാകിസ്താനിൽ ഭീകരാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായും 2024-ൽ ഭീകരാക്രമണങ്ങളില്‍ 45 ശതമാനത്തോളം വര്‍ധനവുണ്ടായതായും ​ഗ്ലോബല്‍ ടെററിസം ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലെ കണക്കെടുത്താല്‍ ഓരോ വര്‍ഷവും മരണസംഖ്യ ഉയരുന്നതായാണ് ജിടിഐ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. 2023-ല്‍ 517 ഭീകരാക്രമണങ്ങളാണ് പാകിസ്താനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2024-ല്‍ ഇത് 1099 ആയി ഉയര്‍ന്നു. ജിടിഐ ഇന്‍ഡക്‌സ് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് രാജ്യത്ത് ആയിരത്തിലധികം ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തെഹ്‌രീക്-ഇ-താലിബാന്‍ പാകിസ്താന്‍ (ടിടിപി) എന്ന നിരോധിത ഭീകരസംഘടനയാണ് രാജ്യത്തെ ഭൂരിഭാഗം ആക്രമണങ്ങള്‍ക്കും പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു. 

Content Highlights: India slams Pakistan over terrorism allegation train hijack