പ്രതിരോധച്ചെലവിൽ ഇന്ത്യ അഞ്ചാമത്; മുന്നിൽ യു.എസ്.തന്നെ; രണ്ടാമത് ചൈന

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: PTI
പ്രതീകാത്മകചിത്രം | Photo: PTI

സ്റ്റോക്ഹോം: സൈനികാവശ്യങ്ങൾക്കായി 2025-ൽ ഏറ്റവും കൂടുതൽ പണം ചെലവാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാംസ്ഥാനത്ത്. 2025-ൽ ഇന്ത്യ പ്രതിരോധ ബജറ്റ് 8.9 ശതമാനം വർധിപ്പിച്ചു. 9210 കോടി ഡോളറാണ് (8.67 ലക്ഷം കോടിരൂപ) ഇന്ത്യയുടെ പ്രതിരോധ ബജറ്റ്. സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപ്രി) ആണ് തിങ്കളാഴ്ച റിപ്പോർട്ട് പുറത്തുവിട്ടത്.

2025-ൽ ലോകരാജ്യങ്ങളുടെ പ്രതിരോധബജറ്റ് തുക 2.887 ലക്ഷംകോടി ഡോളറിൽ (271.75 ലക്ഷംകോടിരൂപ) എത്തി. തുടർച്ചയായ 11-ാം വർഷമാണ് ആഗോളസൈനികച്ചെലവിൽ വർധനയുണ്ടാകുന്നത്. ഈ തുകയുടെ 58 ശതമാനവും ആദ്യ നാലുസ്ഥാനത്തുള്ള യു.എസ്., ചൈന, റഷ്യ, ജർമനി എന്നീ രാജ്യങ്ങളുടേതാണ്.

2025 മേയിലുണ്ടായ ഇന്ത്യ-പാകിസ്താൻ സംഘർഷം മേഖലയിലെ സൈനികച്ചെലവ് വർധിപ്പിക്കാൻ കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. പാകിസ്താന്റെ സൈനികച്ചെലവ് 11 ശതമാനം വർധിച്ച് 1190 കോടി ഡോളറായി (1.19 ലക്ഷംകോടിരൂപ). ചൈനയിൽനിന്നുള്ള പുതിയ ആയുധക്കരാറുകളും പാകിസ്താന്റെ ചെലവ് കൂടാനിടയാക്കി.

ആഗോളതലത്തിൽ നോക്കിയാൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനമാണ് രാജ്യങ്ങൾ സൈനികാവശ്യങ്ങൾക്കായി ചെലവിട്ടത്. 2024-ൽ ഇത് 2.4 ശതമാനമായിരുന്നു. യൂറോപ്പിന്റെ സൈനികച്ചെലവിൽ 14 ശതമാനമാണ് വർധന. ശീതയുദ്ധത്തിനുശേഷമുള്ള ഏറ്റവും ഉയർന്നനിരക്കാണിത്.

അതേസമയം, യു.എസിന്റെ ബജറ്റ് 7.5 ശതമാനം കുറഞ്ഞു. തൊട്ടുമുൻപത്തെ മൂന്നുവർഷങ്ങളിൽ യുക്രൈന് നൽകിയിരുന്ന സൈനികസഹായം നിർത്തലാക്കിയതാണ് ഇതിനു കാരണമെന്നാണ് സിപ്രിയുടെ വിലയിരുത്തൽ. ചൈനയുടേത് 7.4 ശതമാനം വർധിക്കുകയുംചെയ്തു.

Content Highlights: India ranks 5th globally in defense spending for 2025. India's defense budget increased by 8.9% to $92.1 billion. Global military spending reached $2.887 trillion, marking 11 years of consecutive growth. US, China, Russia, and Germany account for 58% of global military expenditure. India-Pakistan regional tensions contributed to increased military spending in South Asia.