ഇന്ത്യയുടെ ഒരു കപ്പൽകൂടി ഹോർമുസ് കടന്നു, എത്തിയത് 20,000 ടൺ എൽപിജി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് പിന്നിട്ട് ഇന്ത്യയുടെ എൽപിജി കപ്പൽ ഗുജറാത്ത് തീരത്തെത്തി. ഞായറാഴ്ചയാണ് 'സിമി' എന്ന എൽപിജി കപ്പൽ ഗുജറാത്തിലെ കാൻഡ്ലയിലുള്ള ദീൻദയാൽ തുറമുഖത്ത് എത്തിയത്. ഏകദേശം 20,000 ടൺ പാചകവാതകമാണ് കപ്പലിൽ ഉള്ളത്. മെയ് 13-നാണ് കപ്പൽ ഹോർമുസ് കടന്നത്.
യുക്രൈൻ, ഫിലിപ്പൈൻസ് രാജ്യങ്ങളിൽനിന്നുള്ള 21 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കേന്ദ്ര സർക്കാരിൻൻ്റെയും കപ്പൽ ഗതാഗത വകുപ്പിന്റെയും ഏകോപനത്തിലൂടെയാണ് കപ്പൽ സുരക്ഷിതമായി ഇന്ത്യയിലെത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടങ്ങിയശേഷം ഹോർമുസ് കടക്കുന്ന ഇന്ത്യയുടെ പതിനൊന്നാമത്തെ എൽപിജി കപ്പലാണ് സിമി.
അതേസമയം, ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ ഇന്ത്യയുടെ ഇന്ധന ശേഖരത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ ക്രൂഡ് ഓയിൽ ശേഖരത്തിൽ കഴിഞ്ഞ മാസങ്ങളിൽ ഏകദേശം 15 ശതമാനത്തിന്റെ കുറവുണ്ടായി. ഫെബ്രുവരി അവസാനം 107 ദശലക്ഷം ബാരലായിരുന്ന ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ശേഖരം നിലവിൽ 91 ദശലക്ഷം ബാരലായി കുറഞ്ഞുവെന്ന് കമ്മോഡിറ്റീസ് അനലിറ്റിക്സ് സ്ഥാപനമായ കെപ്ലർ വ്യക്തമാക്കുന്നു. നിലവിലെ ഉപഭോഗം കണക്കിലെടുക്കുമ്പോൾ ഏകദേശം 18 ദിവസത്തേക്ക് മാത്രമുള്ള ഇന്ധന ശേഖരമാണ് ഇന്ത്യയുടെ പക്കലുള്ളത്.
നിലവിൽ ഇന്ത്യൻ റിഫൈനറികൾ ശുദ്ധീകരണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെങ്കിലും പ്രതിസന്ധി നീണ്ടുനിന്നാൽ ഉൽപ്പാദനത്തിൽ കുറവ് വരുത്തേണ്ടിവരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഗോളതലത്തിലും എണ്ണ ശേഖരത്തിൽ വലിയ കുറവുണ്ടാകുന്നതായി അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
Content Highlights: LPG tanker Symi successfully navigated the Hormuz Strait despite regional tensions., India's crude oil reserves dropped by 15% to 91 million barrels., Government ministries are coordinating to ensure maritime fuel supply safety., Current fuel reserves are sufficient for approximately 18 days of consumption., PM Narendra Modi has urged citizens to practice fuel conservation.