‘അജ്ഞാതരല്ല’, നിജ്ജറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയെന്ന് ആരോപണം, വിവാദമായി ഡോക്യുമെന്ററി

ഹര്‍ദീപ് സിങ് നിജ്ജര്‍| Photo: AP/PTI
ഹര്‍ദീപ് സിങ് നിജ്ജര്‍| Photo: AP/PTI

ലണ്ടന്‍: ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബ്ലൂംബെര്‍ഗ് ഒറിജിനല്‍സ് നിര്‍മിച്ച ഡോക്യുമെന്ററി ചിത്രം. കൊലപാതകവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച വിവരങ്ങള്‍ കാനഡയ്ക്ക് കൈമാറിയെന്ന് അവകാശപ്പടുന്ന ഡോക്യുമെന്ററിയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

ബ്ലൂംബെര്‍ഗ് ഒറിജിനല്‍സ് നിര്‍മിച്ച 'ഇന്‍സൈഡ് ദി ഡെത്ത്‌സ് ദാറ്റ് റോക്ക്ഡ് ഇന്ത്യാസ് റിലേഷന്‍സ് വിത്ത് ദി വെസ്റ്റ്' എന്ന ഡോക്യുമെന്ററിയിലാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തുന്നത്. ഖാലിസ്ഥാന്‍ തീവ്രവാദത്തിന്റെ പേരില്‍ 2020-ലാണ് നിജ്ജറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. യുകെ, യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കിടയിലുള്ള 'ഫൈവ് ഐസ്' രഹസ്യാന്വേഷണ പങ്കുവെക്കല്‍ കരാര്‍ പ്രകാരമാണ് കനേഡിയന്‍ അധികൃതര്‍ക്ക് ബിട്ടീഷ് ഇന്റലിജന്‍സ് വിവരം കൈമാറിയത്.

2023 ജൂണ്‍ മാസത്തിലായിരുന്നു നിജ്ജറിനെ കൊലപ്പെടുത്തിയത്. അജ്ഞാതര്‍ കൊലപ്പെടുത്തി എന്നാണ് തുടക്കത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍. 2023 ജൂലൈ അവസാനത്തില്‍, യുകെ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഒരു 'വഴിത്തിരിവ്' ഉണ്ടായതായി ഡോക്യുമെന്ററി അവകാശപ്പെടുന്നു. ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന രണ്ട് വ്യക്തികള്‍ തമ്മിലുള്ള സംഭാഷണം ബ്രീട്ടീഷ് ഏജന്‍സി ചോര്‍ത്തിയെന്ന് ഇതിൽ പറയുന്നു. നിജ്ജര്‍, ഖണ്ഡ (അവതാര്‍ സിംഗ്), പന്നുന്‍ (ഗുര്‍പത്വന്ത് സിംഗ്) എന്നിവരായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. പിന്നീട് നിജ്ജറിനെ എങ്ങനെ വിജയകരമായി ഇല്ലാതാക്കി എന്നതിനെക്കുറിച്ചും സംഭാഷണം നടന്നുവെന്നും ഡോക്യുമെന്ററി അവകാശപ്പെട്ടു.

ഖണ്ഡ എന്ന അവതാര്‍ സിംഗ് 2023 ജൂണില്‍ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാം നഗരത്തിലുള്ള ഒരു ആശുപത്രിയില്‍ വെച്ചാണ് മരണമടയുന്നത്. രക്താര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ പുരോഗമിക്കവേയാണ് മരണം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കിലും 'സംശയാസ്പദമായ സാഹചര്യങ്ങളൊന്നുമില്ല' എന്ന് ബ്രിട്ടീഷ് അധികൃതര്‍ വിധിയെഴുതി.

നിജ്ജര്‍ വധിക്കപ്പെട്ടതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കുകയും ചെയ്തു. ട്രൂഡോയുടെ ആരോപണത്തിന് വിപരീതമായി നിജ്ജറിന്റെ വധവുമായി വിദേശരാജ്യങ്ങള്‍ക്ക് ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവില്ലെന്നാണ് കാനഡ അന്വേഷണ കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

Content Highlights: A new documentary alleges India`s involvement in the assassination of Khalistan leader Hardeep Singh Nijjar. The film claims UK intelligence shared evidence with Canada, reigniting diplomatic tensions.