ഇമ്രാൻ ഖാന്റെ സഹോദരിമാരെ മുടിക്കുപിടിച്ച് വലിച്ചിഴച്ചു; ജയിൽ സന്ദർശനം വിലക്കി

ഇസ്‌ലാമാബാദ്: കഴിഞ്ഞയാഴ്ച അദിയാല ജയിലിന് പുറത്ത് തങ്ങൾക്കും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) പ്രവർത്തകർക്കും നേരെയുണ്ടായ 'ക്രൂരമായ' പോലീസ് അതിക്രമത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാർ ആവശ്യപ്പെട്ടു. പിടിഐയുടെ തലവൻ കൂടിയായ ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്.
കഴിഞ്ഞയാഴ്ച റാവൽപിണ്ടി ജയിലിന് പുറത്ത് പിടിഐ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ ഖാന്റെ സഹോദരിമാരായ നൂറിൻ നിയാസി, അലീമ ഖാൻ, ഡോ. ഉസ്മ ഖാൻ എന്നിവർ പഞ്ചാബ് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ഉസ്മാൻ അൻവറിന് പരാതി നൽകിയതായി 'ഡോൺ' റിപ്പോർട്ട് ചെയ്തു.
ഒരു മാസമായി ഇമ്രാൻ ഖാനെ കാണാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന്, കഴിഞ്ഞയാഴ്ച സഹോദരിമാർ പാർട്ടി പ്രവർത്തകർക്കൊപ്പം അദ്ദേഹം തടവിൽ കഴിയുന്ന അദിയാല ജയിലിന് പുറത്ത് തമ്പടിച്ചിരുന്നു. അലീമ ഖാൻ, ഡോ. ഉസ്മ ഖാൻ, നൂറിൻ എന്നിവർ ജയിലിന് പുറത്ത് ഇരിക്കുമ്പോൾ പോലീസ് അവരെ കൈയേറ്റം ചെയ്യുകയും തടഞ്ഞുവെക്കുകയും ചെയ്തുവെന്ന് പാർട്ടി ആരോപിച്ചു.
ഇമ്രാനെ കാണാൻ സഹോദരിമാർക്ക് ആഴ്ചകളായി അനുമതി നിഷേധിച്ചിരുന്നു.
'അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളെ തുടർന്നാണ് ഞങ്ങൾ സമാധാനപരമായി പ്രതിഷേധിച്ചത്. ഞങ്ങൾ റോഡുകൾ തടസ്സപ്പെടുത്തിയിട്ടില്ല. പൊതുഗതാഗതത്തെ തഞ്ഞിട്ടില്ല.' നൂറിൻ പറഞ്ഞു.
'മുന്നറിയിപ്പോ പ്രകോപനമോ ഇല്ലാതെ, ആ പ്രദേശത്തെ തെരുവുവിളക്കുകൾ പെട്ടെന്ന് അണച്ചു, ബോധപൂർവം സ്ഥലം ഇരുട്ടിലാക്കി. പ്രായമായ തന്നെ മുടിക്കുപിടിച്ച്, ശക്തിയായി നിലത്തേക്ക് തള്ളിയിടുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.' അവർ പറഞ്ഞു.
ഒരു മാസത്തിലേറെയായി ഇമ്രാനെ ജയിലിൽ കാണാൻ സന്ദർശകർക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി സുഹൈൽ അഫ്രീദി തുടർച്ചയായി ഏഴ് തവണ ശ്രമിച്ചെങ്കിലും ജയിൽ അധികൃതർ അനുമതി നിഷേധിച്ചു.
Content Highlights: Imran Khan`s sisters allege brutal police assault during protest for jail visit. Demand impartial probe into the incident and access to the PTI leader.