ഇമ്രാൻ ഖാൻ സുരക്ഷിതനും ആരോഗ്യവാനുമാണ്; മരണവാർത്ത നിഷേധിച്ച് അദിയാല ജയിൽ അധികൃതർ

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തള്ളി അദിയാല ജയിൽ അധികൃതർ. ഇമ്രാൻ ഖാൻ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്ന് ജയിൽ അധികൃതർ അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന യാതൊരു സംഭവവും ഉണ്ടായിട്ടില്ലെന്നും, കൃത്യമായ പരിചരണത്തിലാണ് അദ്ദേഹം കഴിയുന്നതെന്നും ജയിൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു.
14 വർഷം തടവ് ശിക്ഷ ലഭിച്ച് ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ സന്ദർശിക്കുന്നതിന് സഹോദരിമാർക്ക് അനുമതി നിഷേധിച്ചു എന്ന ആരോപണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ഇമ്രാൻ ഖാൻ ദുരൂഹമായി കൊല്ലപ്പെട്ടു എന്നും അദ്ദേഹത്തിന്റെ മൃതദേഹം ജയിലിൽ നിന്ന് മാറ്റിയെന്നും അഫ്ഗാനിസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്തതോടെ അഭ്യൂഹങ്ങൾ ശക്തമായി. മെയ് മാസത്തിലും ഇത്തരം പ്രചരണങ്ങളുണ്ടായിരുന്നു. ഇമ്രാൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചുവെന്ന് അവകാശപ്പെടുന്ന പാക് സർക്കാരിന്റെ രേഖയായിരുന്നു പുറത്തുവന്നത്. പിന്നീട് ഈ രേഖ വ്യാജമാണെന്ന് പാക് അധികൃതർ വ്യക്തമാക്കി.
അഭ്യൂഹങ്ങൾ ശക്തമായതോടെ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടി, നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഇമ്രാൻ ഖാനെ ഉടൻ സന്ദർശിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു. പ്രതിനിധികളുടെ ഔദ്യോഗിക പട്ടിക പാർട്ടി ജയിൽ സൂപ്രണ്ടിന് സമർപ്പിക്കുകയും കൂടിക്കാഴ്ചകൾ വേഗത്തിൽ ക്രമീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഈ കുഴപ്പങ്ങൾക്ക് പിന്നിൽ ഫീൽഡ് മാർഷൽ അസിം മുനീറാണെന്ന് ഖാന്റെ അടുത്ത അനുയായിയായ ഡോ. സൽമാൻ അഹമ്മദ് സിഎൻഎൻ-ന്യൂസ്18 നോട് പറഞ്ഞു. ഒരു മാസമായി ഇമ്രാൻ ഖാനെ കാണാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന്, കഴിഞ്ഞയാഴ്ച സഹോദരിമാർ പാർട്ടി പ്രവർത്തകർക്കൊപ്പം അദ്ദേഹം തടവിൽ കഴിയുന്ന അദിയാല ജയിലിന് പുറത്ത് തമ്പടിച്ചിരുന്നു. കൂടിക്കാഴ്ച എത്രയും വേഗം ക്രമീകരിക്കാമെന്ന് പോലീസ് വ്യക്തമാക്കിയതിനെ തുടർന്നാണ് പ്രതിഷേധം പിൻവലിച്ചത്.
Content Highlights: Adiala Jail authorities confirm Imran Khan is safe & fit amid baseless death rumors. PTI demands access & official statement on his well-being. Learn more.