ഹൂതികൾക്കെതിരേ യു.എസും ഇറങ്ങിയേക്കും, ആക്രമണത്തിൽ പങ്കാളിയാകുന്നത് പരിഗണനയിലെന്ന് ട്രംപ്

#ന്യൂസ് ഡെസ്ക്
AP Photo/Alex Brandon
AP Photo/Alex Brandon

വാഷിങ്ടൺ: യെമെനിലെ ഹൂതികൾക്കെതിരേ സൗദി അറേബ്യ നടത്തുന്ന സൈനികനടപടിയിൽ അമേരിക്കയും പങ്കുചേർന്നേക്കാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദിക്കൊപ്പം ആക്രമണത്തിൽ പങ്കാളിയാകുന്ന കാര്യം പരിഗണിക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.

റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും മിസൈൽ ആക്രമണമുണ്ടായതിനു പിന്നാലെയാണ് പ്രതികരണം. സംഘർഷത്തിൽ സൈനികമായി ഇടപെടില്ലെന്ന നിലപാടാണ് യു.എസ്. ഇതുവരെ എടുത്തിരുന്നത്.

ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ വിമാനത്താവളത്തിലെ ആഭ്യന്തര സർവീസുകൾക്കായുള്ള ടെർമിനൽ മൂന്നും നാലും ഉൾപ്പെടുന്ന സമുച്ചയത്തിനുനേരേയാണ് മിസൈൽ പതിച്ചത്. റിയാദിലേക്കുള്ള വിമാനങ്ങൾ മറ്റുവിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. കുവൈത്ത് എയർവേസ് സർവീസുകൾ റദ്ദാക്കി. സംഭവത്തിൽ ഹൂതികൾ പ്രതികരിച്ചിട്ടില്ല.

ഇറാൻ യുദ്ധത്തിന്റെ ഭാഗമായി മേഖലയിലെ സംഘർഷം വ്യാപിക്കുന്നതിനിടെ സൗദി അറേബ്യക്കുനേരേ തുടർച്ചയായ ആക്രമണങ്ങളാണ് നടക്കുന്നത്. വിമാനത്താവളങ്ങൾക്കും സൈനികകേന്ദ്രങ്ങൾക്കും എണ്ണ അടിസ്ഥാനസൗകര്യങ്ങൾക്കും നേരേയുള്ള ആക്രമണങ്ങൾ വർധിച്ചതോടെ സൗദി അമേരിക്കയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണ തേടിയിട്ടുണ്ട്.

വെള്ളിയാഴ്ച വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ സൗദിയയുടേത് ഉൾപ്പെടെ മൂന്ന് യാത്രാവിമാനങ്ങൾ തകർന്നതായി വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു. ഹൂതികളുടെ പക്കലുള്ള ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണമായി ഇല്ലാതാക്കുമെന്നും ബാബുൽ മൻദിബിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് സഖ്യസേന വ്യക്തമാക്കി.