കത്തിയമര്‍ന്നത് കൂറ്റന്‍ പാര്‍പ്പിടസമുച്ചയം, 2000 ഫ്‌ളാറ്റുകള്‍; ഭൂരിഭാഗം താമസക്കാരും വയോധികര്‍, മരണം 65 ആയി

#ന്യൂസ് ഡെസ്‌ക്
Photo: AP
Photo: AP

ഹോങ് കോങ്: ഹോങ് കോങ്ങിലെ തായ്‌പോ ജില്ലയിലെ പാര്‍പ്പിടസമുച്ചയത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ മരിച്ചവരുടെ എണ്ണം 65 ആയി. പാര്‍പ്പിടസമുച്ചയത്തില്‍ താമസിച്ചിരുന്ന നിരവധിപേരെ കാണാതായിട്ടുണ്ടെന്നും അപകടസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

തായ്‌പോയിലെ വാങ് ഫുക് കോംപ്ലക്‌സ് എന്ന കൂറ്റന്‍ പാര്‍പ്പിടസമുച്ചയത്തിലാണ് കഴിഞ്ഞദിവസം വന്‍ തീപ്പിടിത്തമുണ്ടായത്. ആകെ എട്ട് ടവറുകളിലായി രണ്ടായിരത്തോളം അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവിടെയുള്ളത്. പ്രാദേശികസമയം ബുധനാഴ്ച ഉച്ചയോടെയാണ് പാര്‍പ്പിടസമുച്ചയത്തില്‍ തീപ്പിടിത്തമുണ്ടായത്. ഇത് കൂടുതല്‍ ടവറുകളിലേക്ക് പടരുകയായിരുന്നു.

അപ്പാര്‍ട്ട്‌മെന്റുകളിലെ താമസക്കാരിലധികവും വയോധികരാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുള്ളത്. അതിനാല്‍ത്തന്നെ തീപ്പിടിത്തമുണ്ടായപ്പോള്‍ പലര്‍ക്കും രക്ഷപ്പെടാനായില്ല. വീല്‍ചെയറിലുള്ള രോഗികളടക്കം ദുരന്തത്തില്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം, തീപ്പിടിത്തത്തിന്റെ യഥാര്‍ഥകാരണം ഇതുവരെ വ്യക്തമല്ല. കഴിഞ്ഞദിവസം കെട്ടിടങ്ങളില്‍ അറ്റക്കുറ്റപ്പണി നടന്നിരുന്നതായാണ് പറയുന്നത്. ഇതിനായി കെട്ടിടങ്ങള്‍ക്ക് ചുറ്റും മുളകൊണ്ട് കെട്ടിയുയര്‍ത്തിയിരുന്നു. ഇത് തീപ്പിടിത്തത്തിന്റെ ആക്കംക്കൂട്ടിയെന്നാണ് വിവരം. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെട്ടിടത്തില്‍ അറ്റക്കുറ്റപ്പണി നടത്തിയ മൂന്നുപേരാണ് പിടിയിലായത്. തീപിടിക്കുന്ന ചില വസ്തുക്കള്‍ ഇവര്‍ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നതായും ഇതാണ് നിയന്ത്രണാതീതമായി വേഗത്തില്‍ തീ പടരാന്‍ കാരണമായതെന്നും പോലീസ് പറഞ്ഞു.

വീടുകള്‍ നഷ്ടപ്പെട്ട് കുടുംബം...

കൂറ്റന്‍ പാര്‍പ്പിടസമുച്ചയം കത്തിയമര്‍ന്നതോടെ തായ്‌പോയിലെ നിരവധി കുടുംബങ്ങളാണ് ഭവനരഹിതരായത്. ഇന്നലെവരെ കിടന്നുറങ്ങിയിരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ കണ്മുന്നില്‍ കത്തിയമരുന്നത് കണ്ട് പലരും പൊട്ടിക്കരഞ്ഞു. ''ഒന്ന് സങ്കല്‍പ്പിച്ചുനോക്കൂ, വീട് കത്തിനശിച്ച് ഇല്ലാതായി; ആരായാലും ഹൃദയം തകര്‍ന്നുപോകും'', പാര്‍പ്പിടസമുച്ചയത്തിലെ താമസക്കാരിലൊരാളായ ശിര്‍ലേ ചാന്‍ പറഞ്ഞു.

അറ്റക്കുറ്റപ്പണികള്‍ നടക്കുന്നത് കാരണം അപ്പാര്‍ട്ട്‌മെന്റിലെ ജനാലകള്‍ അടച്ചിട്ടിരുന്നതായി താമസക്കാരനായ യുവാന്‍ പറഞ്ഞു. ഇതുകാരണം പലരും തീപ്പിടിത്തമുണ്ടായത് അറിഞ്ഞില്ല. പലരെയും ഫോണില്‍ വിളിച്ചാണ് അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 65-കാരനായ യുവാനും ഭാര്യയും തീപ്പിടിത്തത്തില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും ഇവരുടെ അപ്പാര്‍ട്ട്‌മെന്റ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഇരുവരും കഴിഞ്ഞ 40 വര്‍ഷമായി ഇവിടെ താമസക്കാരാണ്. വിവിധ ടവറുകളിലെ ഭൂരിഭാഗം താമസക്കാരും യുവാനെപ്പോലെ വയോധികരാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

പുകയുടെ ഗന്ധം അനുഭവപ്പെട്ടതോടെയാണ് മറ്റൊരു താമസക്കാരനായ ടോങ് പിങ്മൂണ്‍ തീപ്പിടിത്തമുണ്ടായത് അറിഞ്ഞത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ ഫ്‌ളാറ്റിന്റെ വാതിലില്‍ മുട്ടിയെന്നും സമീപത്തെ കെട്ടിടത്തില്‍ തീപടരുകയാണെന്നും ഇവിടെ തുടരുന്നത് അപകടകരമാണെന്നും അറിയിക്കുകയായിരുന്നു. എന്നാല്‍, 74-കാരനായ ടോങ്ങും ഭാര്യയും ആദ്യം ഫ്‌ളാറ്റൊഴിയാന്‍ തയ്യാറായില്ല. തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് തീപടരില്ലെന്നായിരുന്നു ഇവരുടെ വിശ്വാസം. പക്ഷേ, പിന്നീട് സ്ഥിതിഗതികള്‍ അതീവഗുരുതരമായെന്നും കനത്ത പുകയാണുണ്ടായതെന്നും ടോങ് പറഞ്ഞു. ഇതോടെ ടോങ്ങും ഭാര്യയും കുളിമുറിയില്‍ കയറി. വാതിലിന് താഴെ നനഞ്ഞ തുണികള്‍ വിരിച്ചു. കുളിമുറിയിലെ വെന്റിലേഷന്‍ ഫാന്‍ പ്രവര്‍ത്തിപ്പിച്ചു. ഉടന്‍തന്നെ സഹായംതേടി അഗ്നിരക്ഷാസേനയെ വിളിച്ചു. തുടര്‍ന്ന് ഏകദേശം ആറുമണിയോടെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയെന്നും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടതെന്നും ടോങ് പറഞ്ഞു.

പാര്‍പ്പിടസമുച്ചയത്തിലെ താമസക്കാരെയെല്ലാം നിലവില്‍ താത്കാലിക കേന്ദ്രത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ ബസുകളിലാണ് ഇവരെയെല്ലാം സമീപത്തെ സ്‌കൂളില്‍ സജ്ജീകരിച്ച താത്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. കനത്ത ചൂട് കാരണം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് പോലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

Content Highlights: Massive fire in Hong Kong`s Tai Po district residential complex claims 65 lives. Rescue operations are ongoing amidst widespread devastation. Find out more.