'ബന്ദികളെ ഉടന്‍ കൈമാറില്ല'; വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥയില്‍ നിന്ന് ഹമാസ് പിന്നോട്ട്

പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

ഗാസ: ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥയില്‍ നിന്ന് ഹമാസ് പിന്നോട്ട്. ബന്ദികളെ ഉടന്‍ കൈമാറില്ലെന്ന നിലപാടിലാണ് ഹമാസ്. ശനിയാഴ്ച മോചിപ്പിക്കാനിരുന്നവരെ വിട്ടയക്കില്ലെന്ന് ഹമാസ് അറിയിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് പശ്ചിമേഷ്യയെ കൂടുതൽ ആശങ്കയിലാക്കിക്കൊണ്ടുള്ള ഹമാസിന്റെ നീക്കം.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മോചനമുണ്ടാകില്ലെന്നാണ് ഹമാസിന്റെ നിലപാട്. വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഇസ്രയേല്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഹമാസിന്റെ നീക്കം. ഗാസ മുനമ്പിലേക്ക് തിരികെയെത്തിയവരെ ഇസ്രയേല്‍ തടഞ്ഞെന്നാണ് ഹമാസ് പറയുന്നത്. രാജ്യാന്തര ഏജന്‍സികളുടെ സഹായവും ഇസ്രയേല്‍ തടയുന്നുവെന്നും ഹമാസ് പറയുന്നു.

ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഗാസയിലെ പ്രധാന മേഖലകളിലൊന്നായ നെറ്റ്‌സാറിം കോറിഡോറില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് തുടങ്ങിയതായി ഇസ്രയേല്‍ ഞായറാഴ്ച അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് നെറ്റ്‌സാറിം കോറിഡോര്‍ വഴി കടന്നുപോവാന്‍ ഇസ്രയേല്‍ സൈന്യം പാലസ്തീനികളെ അനുവദിച്ചിരുന്നു. ഇതിന് ശേഷം യുദ്ധബാധിത മേഖലയായ വടക്കന്‍ ഗാസയിലേക്ക് ആയിരക്കണക്കിനാളുകളാണ് കാല്‍നടയായും വാഹനങ്ങളിലും ഇതുവഴി കടന്നുപോയത്. 

Content Highlights: Hamas postpones release of Israeli hostages