ഞങ്ങള്‍ക്കെതിരല്ല, സത്യത്തിലത് ഇസ്രയേലിനെതിരെ; ഗാസയിലെ ജനപ്രക്ഷോഭത്തില്‍ ന്യായീകരണവുമായി ഹമാസ്

ടെല്‍ അവീവ്: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനും യുദ്ധത്തിനെതിരേയും ജനങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി ഹമാസ്. ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ജനപ്രക്ഷോഭത്തെ ഹമാസിനെതിരായി ചിത്രീകരിച്ചതാണെന്നും വാസ്തവത്തില്‍ ഇസ്രയേലിന്റെ യുദ്ധത്തിനും അധിനിവേശത്തിനും എതിരെയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നതെന്നും ഹാമസ് വക്താവ് ബാസിം നയിം അല്‍-അറബി ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിനോട് പറഞ്ഞു.
ഹമാസ് ഭരണകൂടത്തെ വിമര്‍ശിക്കുന്നതായി കാണിച്ച് റാലികളെ തെറ്റായി ചിത്രീകരിക്കുകയാണ്. ഇസ്രയേല്‍ ആക്രമണം നിര്‍ത്താന്‍ ജനങ്ങള്‍ ആഹ്വാനം ചെയ്യുന്നു. പക്ഷേ ശത്രുക്കളും രാഷ്ട്രീയ അജണ്ടകളുള്ള മറ്റ് കക്ഷികളും വിഷയത്തെ വഴിതിരിച്ചുവിടുകയാണ്. ജനങ്ങള്‍ ഹമാസിന്റെ ചെറുത്തുനില്‍പ്പിന് എതിരാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആളുകള്‍ രാഷ്ട്രീയമായി വൈവിധ്യമുള്ളവരാണെന്ന് ഞങ്ങള്‍ക്കറിയാം. എതിരഭിപ്രായങ്ങള്‍ തുറന്ന് പറയാനുള്ള അവകാശത്തെ ഞങ്ങള്‍ സംരക്ഷിക്കുന്നു. ഇവിടെ യുദ്ധം അവസാനിപ്പിക്കാനും ആക്രമണം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്താണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.
ഹമാസ് ഭരണകൂടത്തിനും യുദ്ധത്തിനുമെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പലസ്തീനികളാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും തെരുവിലിറങ്ങിയത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായി യുദ്ധം തുടങ്ങിയശേഷം ഹമാസിനെതിരെ സ്വന്തം ശക്തികേന്ദ്രത്തില്‍ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. മുഖംമൂടി ധരിച്ച ഹമാസ് അനുകൂലികള്‍ പ്രതിഷേധക്കാരെ ബലമായി പിടിച്ചുമാറ്റിയതായും അവര്‍ ഉയര്‍ത്തിയ ബാനറുകളും മറ്റും ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തതായും ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യുദ്ധത്തിനെതിരെ ഇസ്രയേലില്‍ നേരത്തെ തന്നെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ടെല്‍ അവീവിലടക്കം നെതന്യാഹു ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസും സ്വന്തം തട്ടകത്തില്‍ പ്രതിഷേധം നേരിടുന്നത്.
വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയയിലെ തെരുവുകളിലാണ് പ്രതിഷേധങ്ങള്‍ കൂടുതല്‍ ഉണ്ടായത്. 'പുറത്തുപോകൂ, പുറത്തുകടക്കൂ,ഹമാസ് പുറത്തുകടക്കൂ,യുദ്ധം അവസാനിപ്പിക്കൂ' തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. 'ഞങ്ങള്‍ക്ക് സമാധാനം വേണമെന്നും, ഭക്ഷണം കഴിക്കണമെന്നും' പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ രാജ്യദ്രോഹികളെന്നാണ് ഹമാസ് അനുകൂലികള്‍ വിശേഷിപ്പിച്ചത്.
Content Highlights: Hamas on protests against the Their movement in Gaza, claims protests actually aimed at Israel