മരിക്കുന്നതിന് മുമ്പ് ഡ്രോണിനുനേരെ വടി എറിഞ്ഞ് യഹിയ സിന്‍വാര്‍; വീഡിയോ പുറത്തുവിട്ട് ഇസ്രയേല്‍

ഡ്രോണ്‍ വീഡിയോയില്‍ നിന്ന്/ യഹിയ സിന്‍വാര്‍ | Photo:AFP
ഡ്രോണ്‍ വീഡിയോയില്‍ നിന്ന്/ യഹിയ സിന്‍വാര്‍ | Photo:AFP

ഗാസ: ഇസ്രയേല്‍ വധിച്ച ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ അവസാന നിമിഷങ്ങളുടെ വീഡിയോ ഇസ്രയേല്‍ പുറത്തുവിട്ടു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സാണ് (ഐഡിഎഫ്) യഹിയയുടെ അവസാന നിമിഷം എന്നവകാശപ്പെടുന്ന  ഡ്രോണ്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. 

തകര്‍ന്ന ഒരു അപാര്‍ട്ട്മെന്റിലെ പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ സോഫയില്‍ യഹിയ ഇരിക്കുന്നതും കണ്ണ് മാത്രം കാണുന്ന രീതിയില്‍ മുഖവും തലയും തുണികൊണ്ട് മറച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. കെട്ടിടത്തിന്റെ ഭിത്തികള്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഡ്രോണ്‍ അടുത്തേക്ക് വരുമ്പോള്‍ കൈയിലിരുന്ന വടി അതിനുനേരെ എറിയുന്നതും വീഡിയോയിലുണ്ട്. 

ഗാസയില്‍ ഏറ്റുമുട്ടലില്‍ മൂന്നു പേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ആണെന്ന് സംശയിക്കുന്നുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കിയത്. ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതിനുശേഷമാണ് കൊല്ലപ്പെട്ടത് യഹിയ തന്നെയാണ് സ്ഥിരീകരിച്ചത്. 

ഡിഫന്‍സ് ഫോഴ്‌സിന്റെ ഒരു യൂണിറ്റ് റാഫയിലെ താല്‍ അല്‍ സുല്‍ത്താനില്‍ ബുധനാഴ്ച്ച പട്രോളിങ് നടത്തിയെന്നും കെട്ടിടങ്ങളുടെ മറവിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച യഹിയ ഉള്‍പ്പെടെ മൂന്നുപേരെ ഡ്രോണ്‍ ഉപയോഗിച്ച് കണ്ടെത്തി കൊലപ്പെടുത്തിയെന്നുമാണ് ഇസ്രയേല്‍ സൈന്യം പുറത്തുവിടുന്ന വിവരം. എന്നാല്‍ യഹിയയുടെ മരണത്തില്‍ ഹമാസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. 

2023 ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വാര്‍ ആയിരുന്നു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ ടെഹ്റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോഴാണ് ഹമാസ് പിന്‍ഗാമിയായി യഹിയയെ അവരോധിച്ചത്. 2024 ഓഗസ്റ്റ് മുതല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ചെയര്‍മാനും ഗാസ മുനമ്പിന്റെ നേതാവുമായി പലസ്തീന്‍ ജനതയ്ക്കിടയില്‍ വിശ്വാസ്യത നേടിയ യഹിയയെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പലസ്തീന്‍ പ്രതിരോധസേനയ്ക്ക് ഏറെ ആശങ്കകള്‍ നല്‍കുന്നുണ്ട്.

ഗാസ ആസ്ഥാനമായാണ് കാലങ്ങളായി യഹിയ പ്രവര്‍ത്തിക്കുന്നത്. 'തിന്മയുടെ മുഖ'മെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന യഹിയ 22 വര്‍ഷം ഇസ്രയേല്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. ഹമാസ് പിടികൂടിയ ഇസ്രയേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാന്‍ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011-ലാണ് യഹിയ ജയിലില്‍നിന്ന് മോചിതനായത്. 2015-ല്‍ യഹിയയെ അമേരിക്ക ആഗോള ഭീകരനായി മുദ്ര കുത്തി. 1962-ല്‍ ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ള ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാമ്പിലായിരുന്നു യഹിയയുടെ ജനനം.
 


 

Content Highlights: hamas chief yahya sinwar seated on sofa threw stick at israeli drone before death