ഏദൻ കടലിടുക്കിന് സമീപം സൊമാലിയയിൽ യു.എസിന്റെ രഹസ്യ സൈനിക താവളം, ലക്ഷ്യമെന്ത്?

#ന്യൂസ് ഡെസ്ക്
ഗള്‍ഫ് ഓഫ് ഏദനും സൊമാലിയന്‍ കടലും ഉള്‍പ്പെടുന്ന മേഖല | Photo: google.com/maps
ഗള്‍ഫ് ഓഫ് ഏദനും സൊമാലിയന്‍ കടലും ഉള്‍പ്പെടുന്ന മേഖല | Photo: google.com/maps

മൊഗാദിഷു: തന്ത്രപ്രധാനമായ ഏദൻ കടലിടുക്കിൽ (Gulf Of Aden) കപ്പൽ പാതയ്ക്ക് സമീപമുള്ള സോമാലിയൻ തുറമുഖ നഗരമായ ബൊസാസോയിൽ (Bosaso) അമേരിക്ക പുതിയ സൈനിക താവളം നിർമ്മിക്കുന്നതായി റിപ്പോർട്ട്. മേഖലയിൽ ഭീകര സംഘടനകൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കമെന്ന് സോമാലിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പത്ത് ലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന ബൊസാസോ നഗരത്തിലാണ് പുതിയ താവളം നിർമ്മിക്കുന്നത്.

ആഗോള സമുദ്ര വ്യാപാരത്തിന്റെ 25 ശതമാനത്തോളം കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ ജലപാതയാണ് ഏദൻ കടലിടുക്ക്. മേഖലയിൽ ഐസിസ് (ISIS), അൽ ശബാബ് തുടങ്ങിയ ഭീകര സംഘടനകൾക്കെതിരായ പോരാട്ടത്തിനും നിരീക്ഷണ പ്രവർത്തനങ്ങൾക്കുമായാണ് ഈ താവളം ഉപയോഗിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഇതിനൊപ്പം യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയും (CIA) ഈ മേഖലയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

ഡൊണാൾഡ് ട്രംപ് രണ്ടാമതും അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ശേഷം സോമാലിയയിൽ വ്യോമാക്രമണങ്ങളിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ട്രംപ് രണ്ടാമത് അധികാരമേറ്റ് വെറും പത്ത് ദിവസത്തിനുള്ളിൽ സോമാലിയയിലെ മുതിർന്ന ഐസിസ് നേതാവിനെ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയിരുന്നു. അതിനുശേഷം ഇതുവരെ 205 വ്യോമാക്രമണങ്ങൾ യു.എസ് സോമാലിയയിൽ നടത്തിയിട്ടുണ്ടെന്നും ഇതിൽ 53 ശതമാനവും ഐസിസിനെ ലക്ഷ്യമിട്ടായിരുന്നുവെന്നും തിങ്ക് ടാങ്ക് ആയ ന്യൂ അമേരിക്കയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. ഐസിസിന്റെ ശക്തമായ താവളങ്ങളായ ടോഗ്ഗ മിരാലെ (Togga Miraale), ടോഗ്ഗ ബാലാഡെ (Togga Baalade) എന്നീ പ്രദേശങ്ങളിൽ യു.എസ് ഡ്രോണുകൾ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്.

യെമനിലെ ഹൂതി വിമതരും സോമാലിയയിലെ അൽ ശബാബ് ഭീകരരും തമ്മിൽ സഖ്യത്തിലാകുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് അമേരിക്കയുടെ പുതിയ സൈനിക താവള നിർമ്മാണം. കടലിടുക്കിന്റെ ഇരുവശങ്ങളിലുമാണ് യെമനും സോമാലിയയും സ്ഥിതി ചെയ്യുന്നത്. ഇറാൻ പിന്തുണയുള്ള ഹൂതികൾ വഴി അത്യാധുനിക ആയുധങ്ങളും ഡ്രോൺ സാങ്കേതികവിദ്യയും പരിശീലനവും അൽ ശബാബിന് ലഭിക്കുന്നത് ആഗോള എണ്ണക്കപ്പൽ ഗതാഗതത്തിനും ആഫ്രിക്കൻ മുനമ്പിലെ സുരക്ഷയ്ക്കും വലിയ വെല്ലുവിളിയാകും. അൽ ശബാബിനെതിരെ മാത്രം ഈ വർഷം ഇതുവരെ നാൽപ്പതോളം വ്യോമാക്രമണങ്ങൾ അമേരിക്ക നടത്തിയിട്ടുണ്ട്.

Content Highlights: In Bosaso, Somalia, Ama new military base has been established, and is strengthening the battleand to ensure maritimeto ensure maritime security . ISIS, Al-Shabaab and others are the targetsand to strengthen the security of the USES has intensified its operations. Houthi-Al-Shabaab faction launched an airstrikeShayk. Trump’s re-election campaign, 205 yearsattacks were carried out, with 53 per cent targeting ISIS.